ഐഫോണ്‍ 13 സീരിസ് ഇന്ന് അവതരിപ്പിക്കും; സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം


ആപ്പിള്‍ ഐഫോണ്‍ 13 സീരിസ്  കമ്പനി ഇന്ന് അവതരിപ്പിക്കും. കാലിഫോര്‍ണിയ സ്ട്രീമിംഗ് എന്ന വെര്‍ച്വല്‍ ഇവന്റിന് ഇന്ത്യന്‍ സമയം രാത്രി 10.30ന് ആണ് നടക്കുന്നത്. നടക്കുന്നത്. ലോഞ്ചിന് മുമ്പ് തന്നെ ഇവന്റില്‍ വച്ച് ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ ആയിരിക്കും എന്ന സൂചന ലീക്ക് റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വന്നിരുന്നു. ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നീ നാല് മോഡലുകള്‍ അടങ്ങുന്നതായിരിക്കും ഐഫോണ്‍ 13 സീരിസ്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് കൂടാതെ ആപ്പിള്‍ വാച്ച് സീരീസ് 7 സ്മാര്‍ട്ട് വാച്ചും ഇവന്റില്‍ വച്ച് അവതരിപ്പിക്കും. മൂന്നാം തലമുറ എയര്‍പോഡുകളും ഈ ലോഞ്ച് ഇവന്റില്‍ വച്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് ഇന്നത്തെ ഇവന്റില്‍ വച്ച് ലോഞ്ച് ചെയ്യില്ലെന്നാണ് അവസാന ഘട്ടത്തില്‍ ലഭിക്കുന്ന സൂചനകള്‍. ഇന്ന് നടക്കുന്ന ആപ്പിള്‍ കാലിഫോര്‍ണിയ സ്ട്രീമിങ് ലോഞ്ച് ഇവന്റ് എങ്ങനെ കാണാമെന്നും ഇതിലൂടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡിവൈസുകള്‍ ഏതൊക്കെയാണെന്നും വിശദമായി നോക്കാം.

ഐഫോണ്‍ 13 ലോഞ്ച് ഇവന്റ്: ലൈവ്‌സ്ട്രീം കാണുന്നത് എങ്ങനെ 

ആപ്പിളിന്റെ കാലിഫോര്‍ണിയ സ്ട്രീമിംഗ് ഇവന്റ് ശരിക്കും നടക്കുന്നത് അമേരിക്കന്‍ സമയം രാവിലെ 10 മണിക്കാണ്. ഇത് ഇന്ത്യന്‍ സമയം രാത്രി 10:30 ആണ്. താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ഇവന്റ് കാണാന്‍ ആപ്പിളിന്റെ ഇവന്റ് പേജിലേക്ക് പോകാം. ഈ ലോഞ്ച് ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സ്ട്രീം ചെയ്യപ്പെടും. സ്ട്രീമിംഗ് ആരംഭിക്കുമ്പോള്‍ അറിയിപ്പ് ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി ഒരു റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനും കഴിയും ആപ്പിള്‍ ടിവി ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി ഇവനറ് കാണാന്‍ കഴിയും. ഇവന്റ് അവസാനിച്ചുകഴിഞ്ഞാല്‍, ആപ്പിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ ഈ ഇവന്റ് കാണാം.

ഐഫോണ്‍ 13 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ 

ഐഫോണ്‍ 13 സീരിസില്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസ് ഡിവൈസുകളില്‍ ഉള്ളതിനെക്കാള്‍ ചെറിയ നോച്ച് ആയിരിക്കും ഉണ്ടാവുക എന്നും കൂടുതല്‍ വെളിച്ചം ആഗിരണം ചെയ്യാന്‍ വലിയ ക്യാമറ സെന്‍സറുകള്‍ ഉണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയില്‍ മികച്ച അള്‍ട്രാ-വൈഡ് ക്യാമറകള്‍ ഉണ്ടെന്നാണ് സൂചനകള്‍. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് പതിപ്പുകളിലായിരിക്കും പുറത്തിറങ്ങുക. അവസാനം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവ 1 ടിബി സ്റ്റോറേജ് മോഡലിലും പുറത്തിറങ്ങുമെന്ന് സൂചനകള്‍ ഉണ്ട്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ ബ്ലാക്ക്, ബ്ലൂ, പിങ്ക്, പര്‍പ്പിള്‍, പ്രൊഡക്ട് റെഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമായേക്കും. ഐഫോണ്‍ 13 പ്രോയും ഐഫോണ്‍ 13 പ്രോ മാക്സും ബ്ലാക്ക്, ബ്രോണ്‍, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ 13 പ്രോ മാക്‌സില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 12 പ്രോ മാക്‌സിനെക്കാള്‍ 18-20 ശതമാനം വലിയ ബാറ്ററി ഉണ്ടായിരിക്കും. പ്രോ മോഡലുകള്‍ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയുമായി വരുമെന്നും ലോ പവര്‍ മോഡില്‍ ആയിരിക്കുമ്പോള്‍ 60Hz റിഫ്രഷ് റേറ്റില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് സൂചനകള്‍. 'വാര്‍പ്പ്' എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ (ഇഐഎസ്) സംവിധാനം ഉപയോഗിച്ചുള്ള പോര്‍ട്രെയിറ്റ് സിനിമാറ്റിക് വീഡിയോ ഫീച്ചറുമായിട്ടായിരിക്കും ഐഫോണ്‍ 13 പുറത്തിറങ്ങുകയെന്നും ലീക്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ബാഗ്രൌണ്ട് ബ്ലര്‍ ചെയ്യാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) വരുന്ന ക്യാമറ സിസ്റ്റം കുറച്ച് ആകര്‍ഷകമായിരിക്കും. ഓട്ടോമാറ്റിക്കായി സെറ്റാവുന്ന നൈറ്റ് മോഡ് അടക്കമുള്ള സവിശേഷതകള്‍ ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഇത് കൂടാതെ ഏറ്റവും ശ്രദ്ധേയം സാറ്റലൈറ്റ് ഫീച്ചര്‍ ആയിരിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും കോളുകള്‍ വിളിക്കാനും മെസേജുകള്‍ അയക്കാനും സഹായിക്കുന്ന സംവിധാനം ആയിരിക്കും ഇത്. സെല്ലുലാര്‍ കവറേജ് ഇല്ലാത്ത അവസരങ്ങളില്‍ സാറ്റലൈറ്റ് സഹായത്തോടെ ആണ് ഇത് പ്രവര്‍ത്തിക്കുക. തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ ഈ ഫീച്ചര്‍ അവതരിപ്പിക്കുകയുള്ളു.

ഐഫോണ്‍ 13ല്‍ ഉടന്‍ തന്നെ സാറ്റലൈറ്റ് ഫീച്ചര്‍ ലഭ്യമാകില്ലെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷത്തോടെയായിരിക്കും സേവനം ആരംഭിക്കുന്നത്. ഇതിന് ആവശ്യമായ ഹാര്‍ഡ്വെയര്‍ ഫോണില്‍ ഉള്‍പ്പെടുത്തും. ചിപ്പ് ഉല്‍പാദനച്ചെലവ് കൂടിയതിനാല്‍ ഐഫോണ്‍ 13ക്ക് കൂടുതല്‍ ചിലവ് വരുമെന്നാണ് ആദ്യകാല റിപ്പോര്‍ട്ടുകള്‍ നല്‍കിയ സൂചന. എന്നാല്‍ പിന്നീടുള്ള റിപ്പോര്‍ട്ടുകളില്‍ ഇത്തരമൊരു വില വര്‍ധന ഉണ്ടാകില്ലെന്നും സൂചന നല്‍കുന്നുണ്ട്. ഫേസ് ഐഡി സാങ്കേതികവിദ്യയിലും ആപ്പിള്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാസ്‌കുകള്‍ ധരിച്ചാലും വ്യത്യസ്തങ്ങളായ കണ്ണടകള്‍ ഉപയോഗിച്ചാലും ഇത് പ്രവര്‍ത്തിക്കുമെന്നാണ് സൂചനകള്‍.

ആപ്പിള്‍ വാച്ച് സീരീസ് 7: സവിശേഷതകള്‍ 

ഐഫോണ്‍ 13 സീരീസിന് പുറമേ ഇന്ന് നടക്കുന്ന ഇവന്റില്‍ വച്ച് ആപ്പിള്‍ വാച്ച് സീരീസ് 7 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ആപ്പിള്‍ വാച്ച് സീരീസിനേക്കാള്‍ അല്പം വലുപ്പമുള്ള ഒരു ഫ്‌ലാറ്റ് ഡിസ്‌പ്ലേയായിരിക്കും ഇതില്‍ ഉണ്ടാവുക. ആപ്പിള്‍ വാച്ച് സീരീസ് 7ല്‍ മികച്ച ബാറ്ററി ലൈഫും ഉണ്ടായിരിക്കും. ആരോഗ്യപരമായ ഫീച്ചറുകളില്‍ മാറ്റം വരുത്താതെ പരന്ന അരികുകളുള്ള ഒരു പുതിയ ഡിസൈന്‍, പുതിയ ഡിസ്‌പ്ലേ, ഒരു പുതിയ ചിപ്പ് എന്നിവയുമായിട്ടായിരിക്കും പുതിയ ആപ്പിള്‍ വാച്ച് പുറത്തിറങ്ങുക.

Related Posts

0 Comments

Leave a reply