
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' യുടെ ട്രെയ്ലര്‍ പുറത്ത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും.
ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനയ പ്രതിഭയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ 'റേജ് ഓഫ് കാന്ത' എന്ന പേരില്‍ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു തമിഴ് - തെലുങ്ക് റാപ് ആന്തം ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ഇത് കൂടാതെ നേരത്തെ എത്തിയ 'പനിമലരേ' എന്ന വരികളോടെ തുടങ്ങുന്ന ഗാനവും, 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്.