
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡിയാണ് സൂര്യ- ജ്യോതിക. കരിയറിന്റെ തുടക്കകാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള സിനിമ ഉണ്ടായിട്ടില്ല. അതേസമയം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തില്‍ നിന്നും മമിത ബൈജുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശൈത്താന്‍, ശ്രീകാന്ത് എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ മികച്ച പ്രകടനം കഴിഞ്ഞ വര്ഷം ജ്യോതിക കാഴ്ചവച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം കാതല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും ജ്യോതിക എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ സിനിമകളില്‍ നിന്നും വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. 'ആ സമയത്ത് എനിക്ക് സൂര്യയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് പ്രതിഫലം ലഭിച്ചിരുന്നു' എന്നാണ് ജ്യോതിക പറയുന്നത്. ഇതിനൊപ്പം തന്നെ ഇന്ന് തനിക്ക് അതിനേക്കാള്‍ 30 മടങ്ങ് കുറവാണെന്നും തമാശരൂപേണ ജ്യോതിക പറയുകയുണ്ടായി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം. അതേസമയം സോനാക്ഷി സിന്‍ഹ, അശുതോഷ് ഗൗരിക്കര്‍ എന്നിവരുടെ കൂടെ എത്തുന്ന സിസ്റ്റം എന്ന ചിത്രമാണ് ജ്യോതികയുടെ ഏറ്റവും പുതിയ സിനിമ. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സൂര്യ ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആഗോള റിലീസായി 2026 ഓഗസ്റ്റ് 14 നാണ് എത്തുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്.