സപ്തതി നിറവില്‍ തലൈവര്‍ ആശംസകള്‍ നേര്‍ന്ന്
മോളിവുഡ് ലോകം


തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ എഴുപത് വയസ്സ് പിന്നിടുകയാണ്. ജീവിതത്തിന്റെ സപ്തതി നിറവിലെത്തി നില്‍ക്കുന്ന താരത്തിന് ആശംസകളുമായി ഒട്ടനവധി സിനിമാതാരങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. തമിഴകത്തിന്റെ രാഷ്ട്രീയത്തിലേക്ക് രജിനി ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്. തമിഴക രാഷ്ട്രീയത്തിന്റെ ആവര്‍ത്തനം ഇനി സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാ സിനിമാ പ്രേമികളും രാഷ്ട്രീയ നിരീക്ഷകരും. അതിനിടെ വിരുന്നെത്തിയ രജിനികാന്തിന്റെ പിറന്നാള്‍ അണികളും ആരാധകരും ഒരുപോലെ ആഘോഷമാക്കാനൊരുങ്ങുകയാണ്. മോളിവുഡിലെ സെലിബ്രിറ്റികളെല്ലാം പിറന്നാളിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ സിനിമാ ലോകത്തെ കാരണവര്‍ക്ക് ആശംസകളുമായി എത്തിയിരുന്നു.

ജനങ്ങള്‍ക്ക് നടുവില്‍ നേതാവായി നില്‍ക്കുന്ന തലൈവരുടെ ചിത്രമാണ് പിറന്നാളാശംസ നേര്‍ന്നുകൊണ്ട് ആരാധകര്‍ പങ്കുവെക്കുന്ന ചിത്രത്തിലുള്ളത്. നടന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരാധകരും താരങ്ങളും അടക്കം പങ്കുവെക്കുന്ന പിറന്നാള്‍ സ്‌പെഷ്യല്‍ ചിത്രത്തിലും താരത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാണ്.

ഈ സുദിനത്തില്‍ രജനി ഫാന്‍ മന്‍ട്രങ്ങള്‍ (ആരാധക സംഘടനകള്‍ / കൂട്ടായ്മകള്‍) വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രജിനിയുടെ അറുപത്തിയൊന്‍പതാം പിറന്നാള്‍ കുടുംബം ആഘോഷമാക്കിയത് പരമ്പരാഗത രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു.
രജിനിയുടെ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ന് ആഘോഷച്ചടങ്ങുകള്‍ നടന്നത്. പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന രജിനിയുടെയും ഭാര്യയുടെയും ചിത്രങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ചിത്രങ്ങളുമൊക്കെ വൈറലായിരുന്നു. അതിനാല്‍ തന്നെ ഇക്കൊല്ലവും അങ്ങനെ ആഘോഷങ്ങളുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Related Posts

0 Comments

Leave a reply