വാപ്പച്ചിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വീസ


അബുദാബി:വാപ്പച്ചിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് യുവ താരത്തിന് ഗോള്‍ഡന്‍ വീസ നല്‍കിയത്.
വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനിയില്‍ നിന്ന് ദുല്‍ഖര്‍ വീസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി.

ഡയറക്ട് അബ്ദുല്‍ അസീസ് അല്‍ ദോസരി, ടു ഫോര്‍ ഫിഫ്റ്റി ഫോര്‍ പ്രതിനിധി ബദറിയ്യ അല്‍ മസ്‌റൂയി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

താരത്തിന്റെ സിനിമാ സംഭാവനകള്‍ പ്രകീര്‍ത്തിച്ച സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി മലയാള സിനിമാ വ്യവസായത്തെ അബുദാബി സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ ദുല്‍ഖറും സന്തോഷം പ്രകടിപ്പിച്ചു.

മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. അബുദാബിയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ദുല്‍ഖറിന്റെ പിതാവും സൂപ്പര്‍താരവുമായ മമ്മുട്ടി, സൂപ്പര്‍താരം മോഹന്‍ലാല്‍ എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. യുവ താരങ്ങളായ ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരാണ് ഈ വീസ സ്വന്തമാക്കിയ മറ്റു മലയാള നടന്മാര്‍, ഫഹദ് ഫാസില്‍, നസ്രിയ, മഞ്ജുവാരിയര്‍ തുടങ്ങിയവരും ഗോള്‍ഡന്‍ വീസയ്ക്ക് താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Posts

0 Comments

Leave a reply