ബജാജ് പള്‍സര്‍ എന്‍എസ്125 എത്തി


 ബജാജ് ഓട്ടോയുടെ പള്‍സര്‍ ശ്രേണിയില്‍ നേക്കഡ് സ്‌പോര്‍ട്ട് (എന്‍എസ്) ബൈക്കുകളാണ് പള്‍സര്‍ എന്‍എസ്160, പള്‍സര്‍ എന്‍എസ്200 എന്നിവ. ഈ ബൈക്കുകള്‍ക്ക് പുറമെ കുഞ്ഞനുജന്‍ പള്‍സര്‍ എന്‍എസ്125-യെ ബജാജ് വിപണിയിലെത്തിച്ചു. എന്‍എസ് ബ്രാന്‍ഡിങ്ങുള്ള ആദ്യ 125 സിസി ബൈക്ക് ആയ ബജാജ് പള്‍സര്‍ എന്‍എസ്125-ന് 93,690 രൂപയാണ് എക്സ്-ഷോറൂം വില. പെഡറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേര്‍ണ്‍ഡ് റെഡ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ബജാജ് പള്‍സര്‍ എന്‍എസ്125 വാങ്ങാം.

 

8,500 ആര്‍പിഎമ്മില്‍ 11.82 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മിലും 11 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.45 സിസി ബിഎസ് 6 ഡിടിഎസ്-ഐ എഞ്ചിന്‍ ആണ് പള്‍സര്‍ എന്‍എസ്125-യുടെ ഹൃദയം. 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. കെടിഎം 25 ഡ്യൂക്കിനെ മാറ്റിനിര്‍ത്തിയാല്‍ സെഗ്മെന്റിലെ ഏറ്റവും പവര്‍ഫുള്‍ ബൈക്ക് ആണ് പള്‍സര്‍ എന്‍എസ് 125 എന്നാണ് ബജാജിന്റെ അവകാശവാദം.

ചേട്ടന്‍ എന്‍എസ് മോഡലുകള്‍ക്ക് സമാനമായ ഡിസൈന്‍ ആണ് പള്‍സര്‍ എന്‍എസ്125-നും. മാസ്‌ക്കുലാര്‍ ആയ പെട്രോള്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, സ്പോര്‍ട്ടി ലുക്കുള്ള ഹെഡ്‌ലാംപ് എന്നിങ്ങനെ പള്‍സര്‍ എന്‍എസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറുകളെല്ലാം പള്‍സര്‍ എന്‍എസ്125-യിലും ഇടം പിടിച്ചിട്ടുണ്ട്. അതെ സമയം ചേട്ടന്‍ മോഡലുകളിലെ വെള്ള നിറത്തിലുള്ള ഫ്രെയിം, അലോയ് വീലുകള്‍ എന്നിവ പള്‍സര്‍ എന്‍എസ്125-യില്‍ ഇടം പിടിച്ചിട്ടില്ല.
ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കും മോണോ പിന്‍ സസ്‌പെന്‍ഷനുമാണ് പള്‍സര്‍ എന്‍എസ്125-യില്‍. 80/100-17 സെക്ഷന്‍ മുന്‍ ടയറും 100/90-17 സെക്ഷന്‍ പിന്‍ ടയറുമാണ്. 240 എംഎം മുന്‍ ഡിസ്‌ക് മുന്‍പിലും 130 എംഎം ഡ്രം പുറകിലും ബ്രെയ്ക്കിങ്ങിനായി ക്രമീകരിച്ചിരിക്കുന്നു. എന്‍എസ്160-ല്‍ നിന്നും വ്യത്യസ്തമായി പിന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രെയ്ക്ക് ഓപ്ഷണലായി ഘടിപ്പിക്കാന്‍ സാധിക്കില്ല. എന്‍എസ്160-യെക്കാള്‍ 7 കിലോഗ്രാം ഭാരം കുറഞ്ഞ് 144 കിലോഗ്രാം ആണ് പള്‍സര്‍ എന്‍എസ്125-യുടെ ഭാരം. 179 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 805 എംഎം സീറ്റ് ഹൈറ്റും ബജാജ് പള്‍സര്‍ എന്‍എസ്125-യിലുണ്ട്.

93,690 രൂപയ്ക്ക് പള്‍സര്‍ എന്‍എസ്160-യെക്കാള്‍ 16,000 രൂപ കുറവാണ് പള്‍സര്‍ എന്‍എസ്125-യ്ക്ക്. അതെ സമയം സ്റ്റാന്‍ഡേര്‍ഡ് പള്‍സര്‍ 125-നേക്കാള്‍ 20,000 കൂടുതലാണ് ബജാജ് പള്‍സര്‍ എന്‍എസ്125-ന്.

Related Posts

0 Comments

Leave a reply