
പരിഷ്ക്കരിച്ച് പുതിയ MG ZS ഇലക്‌ട്രിക്, ഒറ്റ ചാർജിൽ ഇനി 439 കിലോമീറ്റർ റേഞ്ച്
ആഗോള വിപണിയിൽ വിൽക്കുന്ന ZS ഇലക്‌ട്രിക് എസ്‌യുവിയെ പരിഷ്ക്കരിച്ച് എംജി മോട്ടോർസ്. രൂപത്തിലെ പുതുമകൾക്ക് പുറമെ ഒറ്റ ചാർജിൽ ലഭിക്കുന്ന റേഞ്ചിന്റെ കാര്യത്തിലും മികവ് കൈവരിക്കാൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്.
പുതിയ ZS ഇലക്‌ട്രിക് എസ്‌യുവിക്ക് ഇനി മുതൽ 439 കിലോമീറ്ററായി റേഞ്ച് ലഭിക്കുമെന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ അവകാശം. നിലവിൽ ഇന്ത്യയിലും വൻവിജയമായി ഓടിക്കൊണ്ടിരിക്കുന്ന മോഡലിന്റെ പുതുക്കിയ ഈ പതിപ്പ് അധികം ഇന്ത്യയിൽ എത്തും . വിദേശ വിപണികളിലേക്കാണ് ആദ്യ ഘടത്തിൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. ZS ഇവി ഇപ്പോൾ ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു വലിയ ബാറ്ററി പായ്ക്ക് എന്നിവ പോലുള്ള പരിഷ്ക്കാരങ്ങളാണ് നേടിയിരിക്കുന്നത്.
ഇതുകൂടാതെ ഇലക്ട്രിക് കാറിന് മികച്ച പ്രകടനവും ദീർഘദൂര ശ്രേണിയും നൽകാൻ കഴിഞ്ഞു എന്ന കാര്യവും മേൻമയാകും. ഡിസൈൻ മാറ്റങ്ങളിലേക്ക് നോക്കിയാൽ എംജി ZS ഇലക്ട്രിക് എസ്‌യുവിയുടെ മുൻവശത്തേക്കാണ് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പെട്രോൾ പവർ ZS മോഡലിന് സമാനമായ പുതിയ ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലൈറ്റുകളും ഇതിന് ലഭിക്കുന്നുമുണ്ട്.
ഇലക്‌ട്രിക് ആയതിനാൽ തന്നെ കാർ ഗ്രില്ലിനെ ഒഴിവാക്കി മൂടിയ പ്ലേറ്റാണ് ഉപയോഗിക്കുകയും ചെയ്യുന്നത്. മുൻ ബമ്പറും പരിഷ്ക്കരിച്ചിട്ടുണ്ട്. സൈഡ് ഇൻടേക്കുകൾ സുഗമമായ ക്രീസുകളോടെ വരുന്നതും മനോഹരമായി രൂപത്തോട് യോജിക്കുന്നുമുണ്ട്.
ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിച്ച ഏറ്റവും വലിയ മാറ്റം പവർട്രെയിനിലാണെന്ന് പറയാം. ഇടയ്ക്കുള്ള റീചാർജ് ചെയ്യാതെ തന്നെ ഒരു നീണ്ട റേഞ്ച് ഉറപ്പാക്കുന്ന ഒരു വലിയ 72 kWh ബാറ്ററി പായ്ക്കാണ് ZS ഇവി ഫെയ്‌സ്‌ലിഫ്റ്റിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
നിലവിലുള്ള മോഡൽ വാഗ്ദാനം ചെയ്യുന്ന 262 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഒറ്റ ചാർജിൽ 439 കിലോമീറ്റർ ഓടാൻ ഇത് പ്രാപ്തമാണെന്നാണ് എംജി പറയുന്നത്. 318 കിലോമീറ്റർ റേഞ്ചുള്ള 51 കിലോവാട്ട് ബാറ്ററി പായ്ക്ക് അടുത്ത വർഷം അതായത് 2022 ൽ ZS ഇവിയിൽ ചേരുമെന്നും എംജി മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്.