
ലോകമെമ്പാടും വേഗതയേറിയതും അതിശയകരവുമായ സൂപ്പര്‍ ആഡംബര സ്പോര്‍ട്സ് കാറുകള്‍ക്ക് പേരുകേട്ട വാഹന നിര്‍മ്മാണ കമ്പനിയാണ് ലംബോര്‍ഗിനി. ഇപ്പോള്‍ ഇന്ത്യയിലും ഒരു അത്ഭുതകരമായ കാര്‍ പുറത്തിറക്കാന്‍ പോകുകയാണ് ലംബോര്‍ഗിനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോര്‍ഗിനി ടെമറാരിയോ ആണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ലംബോര്‍ഗിനി റെവ്യൂള്‍ട്ടോയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഹൈബ്രിഡ് സൂപ്പര്‍ കാറായിരിക്കും ഇത്. ഏപ്രില്‍ 30 ന് ലംബോര്‍ഗിനി ഇത് പുറത്തിറക്കും. ലംബോര്‍ഗിനി ഹുറാകാന് പകരമായിട്ടായിരിക്കും പുതിയ ലംബോര്‍ഗിനി ടെമെറാരിയോ നിര എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ലംബോര്‍ഗിനി ടെമറാരിയോ ആഗോളതലത്തില്‍ പുറത്തിറങ്ങിയത്. വെറും എട്ട് മാസത്തിനുള്ളില്‍ പിഎച്ച്ഇവി സൂപ്പര്‍കാര്‍ ഇന്ത്യയിലെത്തും. റെവുല്‍റ്റോ പോലുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ടെമെറാരിയോയ്ക്ക് കരുത്ത് പകരുന്നത്. V8 എഞ്ചിന്‍ 9,000 rpm-ല്‍ 789 bhp കരുത്തും 4,000 നും 7,000 rpm-നും ഇടയില്‍ 730 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഫെരാരി 296 GTB യുമായിട്ടായിരിക്കും ഈ കാര്‍ മത്സരിക്കുക. ഇതിന്റെ ഏകദേശ എക്‌സ്‌ഷോറൂം വില ആറ് കോടി രൂപ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.