4-വാല്‍വ് ടെക്‌നോളജിയുമായി ഹീറോ എക്സ്പള്‍സ് 200 4V; വില 1.28 ലക്ഷം 


4-വാല്‍വ് ടെക്‌നോളജിയുമായി ഹീറോ എക്സ്പള്‍സ് 200 4V; വില 1.28 ലക്ഷം 
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ശ്രേണിയിലെ അഡ്വഞ്ചര്‍ ബൈക്ക്, എക്സ്പള്‍സ് 200ന്റെ പരിഷ്‌കരിച്ച പതിപ്പ് വില്പനക്കെത്തിച്ചു. എക്സ്പള്‍സ് 200 4V എന്നാണ് പുത്തന്‍ മോഡലിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ എന്‍ജിനില്‍ ഇതുവരെ ക്രമീകരിച്ച രണ്ട് വാല്‍വ് സംവിധാനത്തിന് പകരം നാല് വാല്‍വ് സംവിധാനമാണ് എക്സ്പള്‍സ് 200 4Vയുടെ ആകര്‍ഷണം.

പുത്തന്‍ സംവിധാനം എത്തിയതോടെ എക്സ്പള്‍സിലെ 199.6 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ഇപ്പോള്‍ 8,500 ആര്‍പിഎമ്മില്‍ 18.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.35 എന്‍എം ടോര്‍ക്കുമാണ് നിര്‍മ്മിക്കുന്നത്. ഇതേ എന്‍ജിന്‍ രണ്ട് വാല്‍വ് സംവിധാനത്തില്‍ 17.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 16.45 എന്‍എം ടോര്‍ക്കുമാണ് നിര്‍മ്മിച്ചിരുന്നത്. പവര്‍ ആറ് ശതമാനവും ടോര്‍ക്ക് അഞ്ച് ശതമാനവും ഉയര്‍ന്നു എന്ന് ചുരുക്കം.

1.28 ലക്ഷം രൂപയാണ് ഹീറോ എക്സ്പള്‍സ് 200 4Vയുടെ എക്സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന എക്സ്പള്‍സ് 200മായി താരതമ്യം ചെയ്യുമ്പോള്‍ 5,000 രൂപയോളം എക്സ്പള്‍സ് 200 4Vന് വില കൂടുതലാണ്.

നാല് വാല്‍വ് സംവിധാനം മാത്രമല്ല കൂളിംഗ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 7 ഫിന്‍ ഓയില്‍ കൂളര്‍ ചേര്‍ത്തിട്ടുണ്ട് എന്ന് ഹീറോ അവകാശപ്പെടുന്നു. മെച്ചപ്പെട്ട ട്രാക്റ്റബിലിറ്റിക്കും ആക്‌സിലറേഷനുമായി റേഷ്യോയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ബൈക്കിന്റെ വൈബ്രേഷനുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഹീറോ പറയുന്നു.

ട്രയല്‍ ബ്ലൂ, ബ്ലിറ്റ്‌സ് ബ്ലൂ, റെഡ് റെയ്ഡ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിലാണ് പരിഷ്‌ക്കരിച്ച എക്സ്പള്‍സ് 200 4V വിപണിയിലെത്തിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടറും എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ചും പുതുതായി എക്സ്പള്‍സ് 200 4Vയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടുതല്‍ തെളിച്ചമുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംപ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍.

190 എംഎം ട്രാവലുള്ള ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും, 170 എംഎം ട്രാവലുള്ള 10 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷനുമാണ് ഹീറോ എക്സ്പള്‍സ് 200 4Vയില്‍. പുത്തന്‍ മോഡലിലും റാലി കിറ്റ് ചേര്‍ക്കാം. ട്രാവല്‍ കൂടിയ സസ്‌പെന്‍ഷന്‍, ഓഫ്-റോഡിങ്ങിന് അനുയോജ്യമായ മാക്സിസ് ടയറുകള്‍, ഹാന്‍ഡില്‍ ബാറിന്റെ ഉയരം കൂട്ടാന്‍ റൈസര്‍, ഓഫ്-റോഡിങ്ങിന് അനുയോജ്യമായ ഫ്‌ലാറ്റ് സീറ്റ്, ഓഫ്-റോഡിങ് ബൂട്ടുകള്‍ നല്ല ഗ്രിപ്പ് കിട്ടുന്നവിധം നീളം കൂടിയ ഗിയര്‍ പെഡല്‍ എന്നിവയടങ്ങുന്നതാണ് റാലി കിറ്റ്. ഏകദേശം 38,000 രൂപ അധികമായി ചെലവഴിക്കണം.

Related Posts

0 Comments

Leave a reply