മാറ്റങ്ങളും പുതുമയുമായി പുത്തന്‍ ഹ്യുണ്ടേയ് ക്രെറ്റ 


മാറ്റങ്ങളും പുതുമയുമായി പുത്തന്‍ ഹ്യുണ്ടേയ് ക്രെറ്റ 
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്യുടെ ശ്രേണിയിലെ മിന്നും താരമാണ് ക്രെറ്റ. ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹ്യുണ്ടേയ്ക്ക് കാലുറപ്പിക്കാന്‍ സഹായിച്ച ക്രെറ്റയുടെ രണ്ടാം തലമുറ പതിപ്പ് കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. മികച്ച വില്പന നേടി സെഗ്മെന്റിലെ ബെസ്റ്റ് സെല്ലറാറായി മാറാന്‍ ചുരുങ്ങിയ ദിവസം കൊണ്ട് ക്രെറ്റയ്ക്കായി. രണ്ട് വര്‍ഷത്തിന് ശേഷം മുഖം മിനുക്കിയ ക്രെറ്റയെ അടുത്തിടെയാണ് ഹ്യുണ്ടേയ് ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലുമെത്തും എന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ക്രെറ്റയില്‍ വന്നിരിക്കുന്ന മാറ്റങ്ങളെപ്പറ്റി വിശദമായറിയാം.

പുത്തന്‍ ക്രെറ്റയുടെ പ്രധാന മാറ്റം മുന്‍വശമാണ്. ആഗോള വിപണിയിലുള്ള റ്റിയുസോണ്‍ എസ്യുവിയ്ക്ക് സമാനമായ ഗ്രില്ലാണ് പുത്തന്‍ ക്രെറ്റയില്‍ ഇടം പിടിച്ചിരിക്കുന്നത്. പാരാമെട്രിക് ഗ്രില്‍ എന്ന് ഹ്യുണ്ടേയ് പേരിട്ടു വിളിക്കുന്ന ഗ്രില്‍ വാഹനത്തിന്റെ അത്രയുംന്തന്നെ വന്നതിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ഗ്രില്ലില്‍ തന്നെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡിആര്‍എല്‍) ഭംഗിയായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, ഹെഡ്ലൈറ്റുകള്‍ ബമ്പറില്‍ അല്‍പ്പം താഴ്ന്ന സ്ഥലത്താണ് ക്രമീകരിച്ചിരിക്കുന്നത്.

ക്രെറ്റയുടെ പിന്‍ഭാഗവും ഹ്യുണ്ടേയ് പരിഷ്‌കരിച്ചിട്ടുണ്ട്. റഷ്യ-സ്‌പെക് ക്രെറ്റയെപ്പോലെ കൂടുതല്‍ അംഗുലാര്‍ ആയ ടെയില്‍ ലാമ്പും റീ-പ്രൊഫൈല്‍ ചെയ്ത ബൂട്ട് ലിഡും എസ്യുവിയ്ക്ക് പുതുമ നല്‍കുന്നുണ്ട്. രണ്ട് ടെയില്‍ലാമ്പുകളെ ബന്ധിപ്പിക്കുന്ന പ്ലാസ്റ്റിക് പാനല്‍ റീഡിസൈന്‍ ചെയ്തിട്ടുണ്ട്. പിന്‍ ബമ്പറും ചെറിയ രീതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
ഡാഷ്ബോര്‍ഡിന്റെ രൂപകല്‍പ്പനയും ലേഔട്ടും നിലവില്‍ വില്പനയിലുള്ള ക്രെറ്റയുമായി താരതമ്യം ചെയ്താല്‍ കാര്യമായ മാറ്റത്തിന് വിധേയമായിട്ടില്ല. അല്‍കസാറിലൂടെ എത്തിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുത്തന്‍ ക്രെറ്റയില്‍ ഹ്യുണ്ടേയ് ഉള്‍പെടുത്തിയിട്ടുണ്ട്. പുത്തന്‍ ക്രെറ്റയ്ക്ക് ഹ്യുണ്ടേയ്യുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്കിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പും ലഭിക്കും. സ്റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിംഗ്, സ്റ്റോളന്‍ വെഹിക്കിള്‍ ഇമ്മൊബിലൈസേഷന്‍, വാലറ്റ് പാര്‍ക്കിങ് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്കില്‍ ചേര്‍ത്തിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ മാറ്റമില്ലാതെ തുടരുന്നു.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങളുടെ (ADAS) വരവാണ് പുത്തന്‍ ക്രെറ്റയുടെ ഹൈലൈറ്റ്. ഇത് ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ്-ട്രാഫിക് കൊളിഷന്‍ അവോയ്ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കുന്നു. ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മുന്‍പില്‍ കൂട്ടയിടി ഒഴിവാക്കാന്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രെയ്ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം ഇന്ത്യന്‍ പതിപ്പില്‍ ഇടം പിടിക്കുമോ എന്ന് വ്യക്തമല്ല.

115 എച്ച്പി പവറും, 144 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുത്തന്‍ ഹ്യുണ്ടേയ് ക്രെറ്റ ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. അതെ സമയം അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ പുത്തന്‍ ക്രെറ്റ നിലവിലെ 115 എച്ച്പി, 1.5 ലിറ്റര്‍ ഡീസല്‍, 140 എച്ച്പി, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ തുടരാനാണ് സാദ്ധ്യത.

Related Posts

0 Comments

Leave a reply