തൊഴിലില്‍ ലിംഗ വിവേചനം; ഗൂഗിള്‍ നല്‍കേണ്ടത് 18.96 കോടി രൂപ
ദില്ലി:ആഗോള ടെക്ക് കമ്പനി ഗൂഗിള്‍ ഒടുവില്‍ വനിതാ എന്‍ജിനിയര്‍മാര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഒരുങ്ങുകയാണ്. 5,500 ഓളം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിയ്ക്കുക. വനിതാ ജീവനക്കാരോടും കാലിഫോര്‍ണിയയിലെയും വാഷിങ്ടണിലെയും ഏഷ്യന്‍ വംശജരോടും വിവേചനം കാണിച്ചു എന്ന് പഴയ പരാതിയിലാണ് ഒത്തു തീര്‍പ്പിന് ഗൂഗിള്‍ തയ്യാറാകുന്നത്.
ഗൂഗിളിനുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ക്കും അശാന്തിയ്ക്കുമെതിരെ കഴിഞ്ഞ മാസം നൂറുകണക്കിന് ജീവനക്കാര്‍ ചേര്‍ന്ന് തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിന് തൊട്ടു പിന്നാലെയാണ് ഒത്തു തീര്‍പ്പിന് തയ്യാറായി കമ്പനി എത്തുന്നത്.
നാലു വര്‍ഷം പഴക്കമുള്ള കേസിനാണ് ഇതോടെ വിരാമാകുന്നത്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍, സമാന സ്ഥാനങ്ങളിലുള്ള പുരുഷന്മാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് വനിതാ എഞ്ചിനീയര്‍മാര്‍ക്ക് ഗൂഗിള്‍ നല്‍കിയതെന്നായിരുന്നു ആരോപണം. ഇതുവരെ ഗൂഗിള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു.