സോപ്പുപയോഗിച്ച് കഴുകാം, 2 ദിവസം ബാറ്ററി ലൈഫ്! മോട്ടോറോള ഡിഫൈ സ്മാര്‍ട്ട്‌ഫോണ്‍ എത്തി
ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആയാല്‍ കാഴ്ച്ചയില്‍ എങ്ങനെയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം? നല്ല ഭംഗിയുള്ള ബാക് പാനലും, ബേസലുകള്‍ തീരെ കുറഞ്ഞ ഡിസ്പ്ലേയുമുള്ള നല്ല ലുക്കുള്ള ഫോണ്‍ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ വിപണിയില്‍ നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ലഭ്യമാണ്. അതെ സമയം അല്പം സാഹസീകപ്രീയരാണ് നിങ്ങള്‍ എങ്കില്‍, ട്രക്കിങ് അല്ലെങ്കില്‍ ഹൈക്കിങ് തുടങ്ങിയ ശാരീരിക ക്ഷമത ഏറെ വേണ്ടുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ഏര്‍പ്പെടുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരു പക്ഷെ അല്പം 'റഫ് ആന്‍ഡ് ടഫ്' ആയ ഫോണ്‍ ഉണ്ടെങ്കില്‍ നല്ലതാണ് എന്ന് ചിന്തിച്ചിട്ടുണ്ടാകും. നിലത്ത് വീണാലും പെട്ടന്ന് കേടുപാടുകള്‍ പറ്റാത്ത ഇത്തരം ഫോണുകള്‍ വേണം എന്നാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് മോട്ടോറോളയുടെ പുതിയ ഡിഫൈ.
IP68 മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള ഏതൊരു പ്രതികൂല സാഹചര്യത്തിലും ഒരു പരിധിവരെ സുഗമമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് മോട്ടോറോള ഡിഫൈ. മികച്ച സീലിങ്ങുള്ള ബോഡി പാനലുകളുമായി അവതരിപ്പിച്ചിരിക്കുന്ന ഡിഫൈയ്ക്ക് അഞ്ച് അടി താഴ്ചയുള്ള വെള്ളത്തില്‍ വരെ 35 മിനിറ്റ് വരെ പ്രവര്‍ത്തിക്കും. മണല്‍, പൊടി, ചെളി, ഉപ്പിന്റെ അംശം എന്നിവ വലിയൊരളവ് പ്രതിരോധിക്കും വിധമാണ് ഡിഫൈ ഒരുക്കിയിരിക്കുന്നത് എന്നാണ് മോട്ടോറോളയുടെ അവകാശവാദം. മാത്രമല്ല 6 അടി ഉയരത്തില്‍ നിന്നുള്ള വീഴ്ചവരെ ചെറുക്കുന്ന ഡിഫൈ ഫോണ്‍ സോപ്പുപയോഗിച്ച് കഴുകാനും സാധിക്കും.
329 യൂറോ (ഏകദേശം 29,000 രൂപ) ആണ് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന മോട്ടോറോള ഡിഫൈ സ്മാര്‍ട്ട്‌ഫോണിന്റെ വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോട്ടോറോള ഡിഫൈ സ്മാര്‍ട്ട്‌ഫോണ്‍ കറുപ്പ്, ഫോര്‍ജ്ഡ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷമാണ് മോട്ടോറോള ഡിഫൈയ്ക്ക് ഗ്യാരണ്ടീ.