ആലപ്പുഴ: വിഎസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബീച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നു. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് ഇവിടെ നില്‍ക്കുന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം കൂടെ അവസാനിച്ചാല്‍ മൃതദേഹം വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും. പുന്നപ്രയില്‍ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വരിനില്‍ക്കുന്ന ജനങ്ങളെ കാണാം.
ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നല്‍കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ എത്തിയത്.
വേലിക്കകത്ത് വീട്ടില്‍ വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ആയിരക്കണക്കിന് പേര്‍ അഭിവാദ്യമര്‍പ്പിച്ചു. പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. കനത്ത മഴയെ പോലും അവഗണിച്ച ജനങ്ങളുടെ വലിയ തിരക്കാണ് ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ടത്. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകീട്ട് നാലു മണിക്ക് സംസ്‌കാരം എന്നാണ് നിശ്ചയിച്ചത്. പക്ഷെ, ഇപ്പോഴും അവസാന പൊതുദര്‍ശനത്തിന് വേണ്ടി ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുകയാണ് വിഎസിന്റെ ഭൗതിക ദേഹം.