ദില്ലി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 മാര്‍ച്ചില്‍ പ്രധാനമന്ത്രി ലക്‌സണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വെറും ഒന്‍പത് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാറിലെത്താന്‍ സാധിച്ചത് ഇരു രാജ്യങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ കരാര്‍ സഹായിക്കും. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് 20 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാന്‍ കരാര്‍ ലക്ഷ്യമിടുന്നു. ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യും. നിലവില്‍ 1.1 ബില്യണ്‍ ഡോളറുള്ള ന്യൂസിലന്‍ഡ് കയറ്റുമതി വരും ദശകങ്ങളില്‍ പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ കരാര്‍ കേവലം വ്യാപാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഇത് കൊണ്ടുവരുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിപണികളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്കും ഇടത്തരം സംരംഭകര്‍ക്കും വലിയ ഗുണം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും യുവാക്കള്‍ക്കും പുതിയ തൊഴില്‍-പഠന അവസരങ്ങള്‍ തുറക്കപ്പെടും. സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കരാറില്‍ തീരുമാനമായിട്ടുണ്ട്.