മലപ്പുറം: മലപ്പുറം വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് വഴിക്കടവ് പൊലീസ്. ബിഎന്‍എസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ പ്രതിയായി ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളക്കട്ടയില്‍ പന്നി ശല്യം തടയാന്‍ വച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ?ഗുരുതരമാണ്. ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീന്‍ പിടിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്.
അനന്തുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റുവെന്നും ഉടന്‍ ബോധം പോയെന്നുമാണ് പരിക്കേറ്റ യദുകൃഷ്ണന്‍ പറയുന്നത്. മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടമെന്നും യദുകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിനഞ്ചുകാരന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിത്. വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.