കോഴിക്കോട്: ആതുരസേവന രംഗത്തും സാംസ്‌കാരിക രംഗത്തും സവിശേഷ വ്യക്തിത്വമായിരുന്ന ഡോ. പി.എ ലളിതയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ ഡോ. വി.പി ഗംഗാധരനും ഡോ. എം.പി ശ്രീജയനും.'മനസ്സലിവില്‍ മികച്ച ഡോക്ടര്‍' എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ അവാര്‍ഡ്. വൈദ്യ ശാസ്ത്രപ്രാവീണ്യത്തിലും രോഗികളോടുള്ള ആര്‍ദ്രതയിലും ഏറ്റവും മികവു പുലര്‍ത്തുന്നത് പരിഗണിച്ചായിരുന്നു അവാര്‍ഡ് നിര്‍ണയം. ഡോ. ഗംഗാധരനും ഡോ. ശ്രീജയനും മേല്‍പ്പറഞ്ഞ മാനദണ്ഡത്തില്‍ ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ഇക്കുറി രണ്ടു പേര്‍ അവാര്‍ഡ് പങ്കിട്ടു. ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് തുക ഇരുവര്‍ക്കും വീതിച്ചു നല്‍കും.
കാന്‍സര്‍ ചികിത്സാരംഗത്തെ ഇന്ത്യയിലെ തന്നെ മുന്‍നിരക്കാരനാണ് ഡോ. വി.പി ഗംഗാധരന്‍. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. വി.പി ഗംഗാധരന്‍ ചികിത്സയിലൂടെ മാത്രമല്ല, മാനസികോര്‍ജം നല്‍കിയും നിരവധി അര്‍ബുദരോഗികളെ ജിവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയും അല്‍ഫാ പെയിന്‍ ക്ലിനിക്കും ആതുരശുശ്രൂഷാ രംഗത്തെ ജീവകാരുണ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണ്. ലേക്‌ഷോര്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവിയാണിപ്പോള്‍ ഡോ. ഗംഗാധരന്‍,
ധനസമ്പാദനമല്ല സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കലാണ് ജീവിതലക്ഷ്യമെന്ന വ്രതത്തോടെ പ്രവര്‍ത്തിക്കുന്ന ജനകീയ ഡോക്ടറാണ് ഡോ. എം. പി ശ്രീജയന്‍. 2013 മുതല്‍ മൂന്നു ഘട്ടമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ സൂപ്രണ്ടായി തുടരുന്നു. 4500 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതുള്‍പ്പെടെ ഡോ. ശ്രീജയന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്നതും നടന്നുവരുന്നതുമായ വികസനപദ്ധതികള്‍ നിരവധിയാണ്. പ്രഗല്‍ഭ ശസ്തക്രിയാവിദഗ്ധനായ ഡോ.ശ്രീജയന്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെ എഡ്വിന്‍ബറോ സര്‍വകലാശാലയിലെ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഏക എക്‌സാമിനറാണ്.
ഡോ. പി.എ ലളിതയുടെ പേരിലുള്ള മൂന്നാമത്തെ അവാര്‍ഡാണിത്, കേരളത്തിലെ മികച്ച വനിതാ സംരംഭകയ്ക്കും ഡോക്ടര്‍മാര്‍ക്കിടയിലെ മികച്ച എഴുത്തുകാര്‍ക്കുമാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് നല്‍കിയത്. ഇത്തവണത്തെ അവാര്‍ഡ് ദാന തിയ്യതി പിന്നീട് പ്രഖ്യാപിക്കും. പത്രസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. മിലി മണി, അംഗങ്ങളായ എ.സജീവന്‍, ഡോ. കോളിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.