ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ സാഹസികതയും ധൈര്യവും ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം വൈകാതെ തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിക്കൊപ്പം മുദ്രാവാക്യം മുഴക്കിയും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും നാവികര്‍. ഗോവ, കര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലെ സൈനികര്‍ക്ക് മധുരം നല്കിയാണ് നരേന്ദ്ര മോദി ദീപാവലി ആഘാഷിച്ചത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി തങ്ങിയത്. മിഗ് വിമാനങ്ങള്‍ വിക്രാന്തില്‍ നിന്ന് പറക്കുന്നതും ഇറങ്ങുന്നതും ആയുധങ്ങള്‍ വര്‍ഷിക്കുന്നതും പ്രധാനമന്ത്രി വീക്ഷിച്ചു. യുദ്ധകപ്പലുകള്‍ ഐഎന്‍എസ് വിക്രാന്തിനൊപ്പം അണിനിരന്നു. പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്ന ഐഎന്‍എസ് വിക്രാന്ത് ആത്മനിര്‍ഭരതയുടെ ഉത്തമ ഉദാഹരണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബ്രഹ്‌മോസ് ആകാശ് മിസൈലുകളും ഓപ്പറേഷന്‍ സിന്ദൂറില്‍ ശത്രുവിനെ തകര്‍ത്തെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി
പത്തു കൊല്ലം മുമ്പ് 125 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ വന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇന്നത് പതിനൊന്നായി കുറഞ്ഞിരിക്കുന്നു. വൈകാതെ ഇതും തുടച്ചു നീക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ജിഎസ്ടി ഇളവിന് ശേഷം വന്‍ ഉത്സാഹമാണ് ദീപാവലിക്ക് വിപണികളില്‍ കണ്ടതെന്ന് നരേന്ദ്ര മോദി സൈനികരോട് പറഞ്ഞു. ബീഹാറിലെ പ്രചാരണം തുടരുമ്പോഴാണ് ഐഎന്‍സ് വിക്രാന്തിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെ ഈ കാഴ്ചകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉയര്‍ത്തുന്നത്.