ഇടുക്കി: കമ്പം ടൗണില്‍ ഭീതിവിതച്ച് അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാന്‍ തമിഴ്‌നാട്. ഇന്ന് രാവിലെ ജനവാസമേഖലയിലിറങ്ങിയ അരി കൊമ്പന്‍ തെരുവിലൂടെ തലങ്ങും വിലങ്ങുമോടി. വാഹനങ്ങളും തകര്‍ത്തു. ഇതോടെയാണ് കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ തമിഴ്‌നാട് നീക്കം തുടങ്ങിയത്. ഇതിനായി കുങ്കിയാനകള്‍ വൈകിട്ടൊടെ പൊള്ളാച്ചിയില്‍ നിന്ന് തിരിക്കും. ടോപ് സ്റ്റേഷന്‍ ആന കേന്ദ്രത്തില്‍ നിന്ന് മുത്തു, സുയംബൂ എന്നീ കുങ്കിയാനകളെയാണ് അരിക്കൊമ്പന്‍ ദൗത്യത്തിനായി എത്തിക്കുന്നത്. ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാന്‍ നടത്തിയ ശ്രമം വിഫലമായതോടെയാണ് മയക്കുവെടി വെച്ച് തളയ്ക്കാന്‍ തീരുമാനിച്ചത്.
അരിക്കൊമ്പന്റെ പരാക്രമത്തെത്തുടര്‍ന്ന് കമ്പം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. ജനങ്ങളാരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ട കാട്ടാന അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് ലക്ഷക്കണക്കിനാളുകള്‍ താമസിക്കുന്ന കമ്പം മേഖലയിലെത്തിയത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് ശേഷം തമിഴ്‌നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയിരുന്നെങ്കിലും അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍, ഇത്തവണ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കിയാണ് കൊമ്പന്റെ വിളയാട്ടം.