തങ്ങളുടെ പൗരന്മാരോട് ഉടന്‍ ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി സെര്‍ബിയയും സ്വീഡനും
 



സ്റ്റോക്ക്‌ഹോം: ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്ക ആശങ്ക ശക്തമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി സെര്‍ബിയയും സ്വീഡനും. ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനാലും അമേരിക്കന്‍ സൈനിക നടപടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലുമാണ് നടപടി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ആണവ പദ്ധതിക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. നേരത്തെ ഇറാനിലെ ഭരണകൂടം രാജ്യത്തെ പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ, ജനുവരി പകുതിയോടെ തന്നെ സെര്‍ബിയ പൗരന്മാരോട് ഇറാന്‍ വിടാനും യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇറാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ അവിടേക്ക് യാത്ര ചെയ്യരുതെന്ന് സെര്‍ബിയന്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നാണ് സെര്‍ബിയ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നത്. ഇറാനിലുള്ള എല്ലാ സ്വീഡിഷ് പൗരന്മാരും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് സ്വീഡനും ആവശ്യപ്പെട്ടു. സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡാണ് പൗരന്മാരോട് ഇറാന്‍ വിടാന്‍ അഭ്യര്‍ത്ഥിച്ചത്.

തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി വേഗത്തില്‍ ഒരു കരാറിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇറാനുണ്ടായിരുന്നത്. ഇതിനിടയിലാണ് ടെഹ്റാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റില്‍ വലിയ രീതിയില്‍ നാവികസേനയും യുദ്ധ വിമാനങ്ങളേയും വിന്യസിച്ചു. പിന്നാലെ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തി വെക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകള്‍ കൊണ്ട് തകര്‍ക്കാനാകില്ലെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വിശദമാക്കിയത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയുണ്ടാകുമെന്ന് വെള്ളിയാഴ്ച ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പല രാജ്യങ്ങളും പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media