യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് ഇറാന്‍; ഭീഷണിയായി ഫത്താഹ് 1 ശബ്ദത്തേക്കാള്‍ 15 മടങ്ങ് വേഗതയില്‍ സഞ്ചരിക്കും
 


ടെഹ്റാന്‍: അമേരിക്കന്‍ നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്നീ വിമാനവാഹിനികള്‍ ഇറാന്‍ തീരത്തിന് സമീപം നിലയുറപ്പിച്ച പശ്ചാത്തലത്തില്‍, ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 'വിമാനവാഹിനിക്കപ്പലുകള്‍ അപകടകാരികളാണ്, എന്നാല്‍ അവയെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ അതിലും അപകടകാരികളാണ്' എന്നായിരുന്നു ഫെബ്രുവരി 17ന് നടത്തിയ പ്രസംഗത്തില്‍ ഖമേനിയുടെ പ്രഖ്യാപനം. ആയുധത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, ഹോര്‍മുസ് കടലിടുക്കില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ഇറാന്റെ പ്രഹരശേഷിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണിത്.


ഖമേനി സൂചിപ്പിച്ച ആയുധങ്ങളില്‍ പ്രധാനമായി കരുതപ്പെടുന്നത് ഇറാന്റെ പക്കലുള്ള അത്യാധുനിക 'ഫത്താഹ്' (Fattah) ഹൈപ്പര്‍സോണിക് മിസൈലുകളാണ്. ശബ്ദത്തേക്കാള്‍ 13 മുതല്‍ 15 മടങ്ങ് വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഫത്താഹ്-1, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പായ ഫത്താഹ്-2 കൂടുതല്‍ സങ്കീര്‍ണ്ണമായ പാതയിലൂടെ സഞ്ചരിച്ച് ശത്രു കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന് സൈനിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 2024 ഒക്ടോബറില്‍ ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇത്തരം മിസൈലുകള്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് പുറമെ, 'നൂര്‍', 'ഖാദര്‍', 'അബു മഹ്ദി' തുടങ്ങിയ ആയിരത്തിലധികം കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകളും (ASCM) ഇറാന്റെ ആയുധശേഖരത്തിലുണ്ട്. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അബു മഹ്ദി മിസൈലുകള്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് വലിയ ഭീഷണിയാണ്. കൂടാതെ സമുദ്രത്തിനടിയിലൂടെയുള്ള മൈനുകളും ടോര്‍പ്പിഡോകളും ഇറാന്‍ പ്രതിരോധത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ അമേരിക്കന്‍ നാവികസേനയുടെ മിസൈല്‍ പ്രതിരോധ കവചങ്ങളെ ഭേദിക്കാന്‍ ഇറാന്റെ ഈ ആയുധങ്ങള്‍ക്കാകുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണെങ്കിലും, ഖമേനിയുടെ വാക്കുകള്‍ മേഖലയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media