കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്ര വിലക്കിന് പരിഹാരമൊരുങ്ങുന്നു. ബന്ദിപ്പൂര്‍ തുരങ്കപാതയുടെ സാധ്യത പഠിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം വിദ്ഗധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പ്രിയങ്ക ഗാന്ധി എംപിയെ ആണ് ഈ നിര്‍ണായക വിവരം അറിയിച്ചത്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രി ഗതാഗത നിരോധനം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഈ ടണല്‍ പദ്ധതി. വയനാട് എംപി പ്രിയങ്ക ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് വിദ്ഗധ സമിതിയെ നിയോഗിച്ചത്. 2025 ഒക്ടോബര്‍ 11ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രിക്ക് കത്തയക്കുകയും 2025 ഡിസംബര്‍ 19ന് നേരിട്ട് കണ്ട് ബന്ദിപ്പൂരിലെ ഗതാഗത നിയന്ത്രണം നീക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
2009ലാണ് വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള 34.6 കിലോമീറ്റര്‍ വനപാതയില്‍ രാത്രി 9 മുതല്‍ രാവിലെ ആറുവരെ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിരോധനം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാക്കി. ഗതാഗത നിയന്ത്രണം വയനാടിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നതായും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ പുതിയ നീക്കം.
താമരശേരി ചുരം റോഡിലെ മണ്ണിടിച്ചില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗഡ്കരി അറിയിച്ചു. റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെ, ഐഐടി പാലക്കാട് അസോസിയേറ്റ് പ്രൊഫസര്‍ ദിവ്യ പിവി എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നടപടികള്‍ നിരീക്ഷിക്കാന്‍ റോഡ് ഗതാഗത - ഹൈവേ മന്ത്രാലയത്തില്‍ നിന്നുള്ള ഒരു കണ്‍സള്‍ട്ടന്റിനെയും നിയോഗിച്ചിട്ടുണ്ട്.
വയനാട് മണ്ഡലത്തിനായി കേന്ദ്ര റോഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (CRIF) വഴി 105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. താമരശേരി ചുരം റോഡിലെ ആറാം വളവും ഏഴാം വളവും വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ 2027 ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്ദിപ്പൂര്‍ തുരങ്കപാത യാഥാര്‍ഥ്യമായാല്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രി ഗതാഗത നിരോധനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. ഇത് വയനാടിന്റെ വികസനത്തിനും യാത്രാ സൗകര്യത്തിനും വലിയ മുതല്‍ക്കൂട്ടാകും. കൂടാതെ, താമരശേരി ചുരത്തിലെ മണ്ണിടിച്ചില്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഈ പദ്ധതികളെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.