നാളെ മുഹറം 10 : പുണ്യ ദിവസത്തിൽ വൃതമനുഷ്ടിച്ച് ലോക മുസ്ലിങ്ങൾ
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസ പ്രകാരം റംസാൻ കഴിഞ്ഞാൽ ഏറ്റവും വിശുദ്ധമായ മാസമായാണ് മുഹറ മാസത്തെ കണക്കാക്കുന്നത്. ഇസ്ലാമിക കലണ്ടർ അഥവാ ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമാണ് ഇത് .മറ്റു പ്രധാന ഇസ്ലാമിക വിശേഷ ദിവസങ്ങളെ പോലെ മുഹറ മാസവും ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ചാണ് കണക്കാക്കുന്നത്.
മുഹറം, മുഹറം-ഉൾ-ഹറാം എന്നും അറിയപ്പെടുന്നു. ഈ വർഷം മുഹറം ഓഗസ്റ്റ് 10നാണ് ആരംഭിച്ചത്.മുഹറ മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ മുസ്ലിങ്ങൾക്ക് സുന്നത്താണ്. (സുന്നത്ത് എന്നാൽ നിർബന്ധമല്ല, ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുമെന്ന് വിശ്വാസം) ഇത്തവണ ഓഗസ്റ്റ് 19നാണ് മുഹറം 10.
ദൈവദൂതനായിരുന്ന പ്രവാചകൻ മുഹമ്മദ് നബി മുഹറം മാസത്തെ ‘അല്ലാഹുവിന്റെ പുണ്യ മാസം’ എന്നും ദൈവിക മാസം എന്നും വിളിച്ചതായാണ് വിശ്വാസം. നേരത്തെ സൂചിപ്പിച്ചതുപോലെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജ്‌റ കലണ്ടർ പ്രകാരം പുതുവർഷം പിറന്നത് ഓഗസ്റ്റ് 10നാണ്. എന്നാൽ ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ചിലയിടങ്ങളിൽ ഓഗസ്റ്റ് 11 ആയിരുന്നു മുഹറം ഒന്ന്.
‘ഹിജ്‌റ’ കലണ്ടറിൽ ഏകദേശം 354 അല്ലെങ്കിൽ 355 ദിവസങ്ങളുണ്ട്. ആധുനിക ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ കുറവാണിത്. എന്നാൽ ഇതിനെ 12 മാസങ്ങളായി തിരിച്ചിരിക്കുന്നു.
മക്കയിൽ നിന്നും മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പാലായനത്തെ അഥവാ ‘ഹിജ്‌റ’യെ അടയാളപ്പെടുത്തുന്ന മാസം കൂടിയാണ് മുഹറം. പ്രവാചകനും അനുചരന്മാരും മക്ക വിട്ട് മദീനയിലേക്ക് പാലായനം ചെയ്ത 622 എഡിയിൽ ആണ് ഹിജ്‌റ കലണ്ടർ ആരംഭിക്കുന്നത്. മക്കയിൽ മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് മുഹമ്മദ് നബി പലായനം ചെയ്തത്. മക്കയിൽ ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു. ആ സംഭവം നടന്നിട്ട് ഇന്നേക്ക് 1,443 വർഷമായി. എഡി 629ൽ മക്ക പിടിച്ചടക്കിയ ശേഷം പ്രവാചകൻ അവിടേക്ക് മടങ്ങിയെത്തിയതായാണ് കരുതപ്പെടുന്നത്.
മറ്റു ഇസ്ലാമിക വിശേഷ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത് പ്രാർത്ഥനയുടെ മാസമാണ്, എവിടെയും ആഘോഷങ്ങൾ കാണാൻ സാധിക്കില്ല. ഷിയാ മുസ്ലീങ്ങളുടെ വിശ്വാസം പ്രകാരം വളരെ പ്രധാനപ്പെട്ട മാസമാണിത്.
ഹസ്രത്ത് അലിയുടെ മകനും പ്രവാചകന്റെ ചെറുമകനുമായിരുന്ന ഇമാം ഹുസൈൻ കർബാല യുദ്ധത്തിൽ കൊല്ലപ്പെട്ടത് എഡി 680 ലെ മുഹറം 10ന് ആയിരുന്നു. അതുകൊണ്ട് ആ ദിവസം ‘ആശുറ’ ദിനമായി ആചരിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ നടന്ന മാസമായാണ് മുഹറം കണക്കാക്കുന്നത്. ആദ്യ നബിയായ ആദം നബിയുടെ കാലം മുതൽ അവസാന നബിയായ മുഹമ്മദ് നബിയുടെ കാലം വരെയുള്ള എല്ലാ നബിമാരുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ നടന്നത് മുഹറം മാസത്തിലാണ്.