രജനീകാന്തിന്റെ ദീപാവലി ചിത്രം 'അണ്ണാത്തെ' തിയേറ്ററില്‍
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ശിവ സംവിധാനം ചെയ്ത 'അണ്ണാത്തെ' ഈ വര്‍ഷം തമിഴ് സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ്. താരനിബിഡമായ ആക്ഷന്‍ ഡ്രാമ ചിത്രം ദീപാവലിക്ക് തിയേറ്ററുകളില്‍ ഗംഭീരമായി റിലീസ് ചെയ്തിരിക്കുകയാണ്.
ചിത്രത്തിന്റെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' കാണാന്‍ ആരാധകര്‍ പുലര്‍ച്ചെ മുതലേ തിയേറ്ററുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്ന കാഴ്ചയാണ് കാണാനായത്.തമിഴ്‌നാട്ടിലെ പുതുക്കോട്ട, തൂത്തുക്കുടി, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ പുലര്‍ച്ചെ 4 മണിക്ക് തന്നെ ഈ സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ ആരംഭിച്ചു. അവിടെ ഔദ്യോഗിക അവധി ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.
അണ്ണാത്തെ തമിഴ്നാട്ടില്‍ 650ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. യു/എ സെന്‍സര്‍ ചെയ്ത ചിത്രം 2 മണിക്കൂര്‍ 43 മിനിറ്റ് സ്‌ക്രീന്‍ ടൈമിലാണ് വരുന്നത്. തമിഴ്നാട്ടിലെ സിനിമാ തിയേറ്ററുകള്‍ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാല്‍ ഏകദേശം 18 മാസത്തിന് ശേഷം ആരാധകര്‍ മുഴുവന്‍ സീറ്റുകളില്‍ ഇരുന്നുകൊണ്ട് തിയേറ്ററുകളില്‍ ഒരു സിനിമ ആസ്വദിക്കുന്ന സന്തോഷത്തില്‍ക്കൂടിയാണുള്ളത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം എന്നാണ് സൂചന. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച, തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി ജനപ്രിയ താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നു. കീര്‍ത്തി സുരേഷ്, നയന്‍താര, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ഗോര്‍ജ് മരിയന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ഡി. ഇമ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനം അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പം സംഗീതസംവിധായകന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.