തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങള്‍ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നല്‍കി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.
ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാല്‍ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമാകും.