തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ സഭയിലെത്തുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുക. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുല്‍ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രതിപക്ഷ നിരയിലെ പിന്‍ബെഞ്ചില്‍, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. രാഹുല്‍ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പുലര്‍ച്ച തന്നെ അടൂരിലെ വീട്ടില്‍ നിന്നും ഇറങ്ങി എന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുല്‍ കയറി വന്നത്.
സഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനാല്‍ പ്രത്യേക ബ്ലോക്കിലാണ് രാഹുല്‍ പങ്കെടുത്താല്‍ ഇരിപ്പിടം നല്‍കുകയെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.
ഒക്ടോബര്‍ 10 വരെയാണ് നിയമസഭ സമ്മേളനം. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍,പീരുമേട് എംഎല്‍.എ ആയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.