ട്രംപിന്റെ അസാധാരണ നടപടിയില്‍ വന്‍ പ്രതിഷേധം: ലോസ് ഏഞ്ചല്‍സ് കത്തുന്നു
 



ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനിക വിന്യസത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നഗരത്തില്‍ സംഘര്‍ഷം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍, ഫ്‌ളാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ഹൈവേ തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നഗരത്തില്‍ പൊലീസ് വിന്യാസം ശക്തിപ്പെടുത്തി. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിവസമാണ് സംഘര്‍ഷമുണ്ടായത്. 
നഗരത്തിലേക്ക് ഏകദേശം 300 ഫെഡറല്‍ സൈനികരുടെ വരവിനെ തുടര്‍ന്നാണ് സംഘര്‍ഷമുടലെടുത്തത്. 

നേരത്തെ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്ക് ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലോസ് ഏഞ്ചല്‍സ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് ഉച്ചയോടെ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ പ്രയോഗിച്ചു. നിയമവിരുദ്ധമായി ഒത്തുകൂടിയതാണെന്ന് ഉടന്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് നീക്കി.

ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ട്രംപിന് അയച്ച കത്തില്‍, ഗാര്‍ഡിന്റെ സാന്നിധ്യം നഗരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഗവര്‍ണര്‍ വിശേഷിപ്പിച്ചു. ലോസ് ഏഞ്ചല്‍സില്‍ കാണുന്നത് ഭരണകൂടം പ്രകോപിപ്പിക്കുന്ന കുഴപ്പങ്ങളാണെന്ന് മേയര്‍ കാരെന്‍ ബാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടിയേറ്റ വിരുദ്ധ ഏജന്‍സികളെ ലക്ഷ്യം വച്ചുള്ള സമീപകാല പ്രതിഷേധങ്ങള്‍ തടയാന്‍ ന്യൂസോമും മറ്റ് ഡെമോക്രാറ്റുകളും പരാജയപ്പെട്ടതിനാലാണ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്.

അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ അഭ്യര്‍ത്ഥനയില്ലാതെ ദേശീയ ഗാര്‍ഡിനെ രംഗത്തിറക്കുന്നത്. വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ ആരംഭിച്ച രണ്ട് ദിവസത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ ഗാര്‍ഡിനെ രംഗത്തിറക്കിയത്. ശനിയാഴ്ച നഗരത്തിന് തെക്ക് ലാറ്റിനോ നഗരമായ പാരാമൗണ്ടിലേക്കും കോംപ്റ്റണിലേക്കും നാഷണല്‍ ഗാര്‍ഡിനെ വ്യാപിപ്പിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media