കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയില്‍ മണ്ണിടിച്ചില്‍. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതല്‍ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ മണ്ണിടിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാന്‍ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആര്‍ഡിഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. എന്‍എച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടന്‍ എത്തുമെന്ന് ഉറപ്പിന്മേല് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനില്‍ ദീക്ഷിത് ( ജയ്പൂര്‍ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയില്‍ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളല്‍ കണ്ടെത്തിയിരുന്നു.