കൊച്ചി: ഇറാനിയന്‍ പടക്കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ഐ.ആര്‍.ഐ.എസ്. ലാവണ്‍ പടക്കപ്പലാണ് മാര്‍ച്ച് നാലുമുതല് കൊച്ചിയില്‍ സുരക്ഷിതമായി നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി കൊച്ചിയിലെ നാവകത്താവളത്തിലേക്ക് മാറ്റിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയ ഈ കപ്പലിനെക്കുറിച്ച് പുറംലോകത്തിന് അറിവില്ലാതിരുന്നത് വലിയ പ്രതിരോധ ചര്‍ച്ചകള്‍ക്കും ദുരൂഹതകള്‍ക്കും കാരണമായിരുന്നു. സമാനമായ രീതിയില്‍ ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന ഔദ്യോഗിക വിവരം പുറത്തുവരുന്നത്. സാങ്കേതിക തകരാറുകള്‍ കാരണമാണ് കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിച്ചതെന്നാണ് വിവരം. ഫെബ്രുവരി 28-ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
ഫെബ്രുവരി 26-ന് ഐആര്‍ഐഎസ് ലാവണും ഐആര്‍ഐഎസ് ബുഷറും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവണ്‍ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.
കപ്പല്‍ അമേരിക്ക തകര്‍ത്തുവെന്നോ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അലഞ്ഞുനടക്കുകയാണെന്നോ ഉള്ള രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കപ്പല്‍ ഇന്ത്യയുടെ സുരക്ഷിത കവചത്തിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന ഐആര്‍ഐഎസ് ബുഷര്‍ എന്ന സൈനിക ടാങ്കര്‍ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇറാന്റെ മറ്റൊരു കപ്പലായ
ഐആര്‍ഐഎസ് സഹന്ദ് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര സീ റിവ്യൂവില്‍ പങ്കെടുത്തിരുന്നു.
നേരത്തേ ഇറാന്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവെച്ച് യുഎസ് ആക്രമിച്ചിരുന്നു. ആണവ അന്തര്‍വാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം. വിശാഖപട്ടണത്തുവച്ചു നടന്ന മിലന്‍ 2026 നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ഇറാന്‍ യുദ്ധക്കപ്പലിനെ അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആക്രമിക്കുന്നത്.