തൃശൂര്‍ : മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് പ്രിവന്റിവ് ഓഫിസര്‍മാര്‍ക്കും സസ്പെന്ഷന്. രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാരെയും ഒരു വനിത സിവില്‍ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനുമയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികള്‍ക്ക് വിവരം നല്‍കിയെന്ന സംശയത്തില്‍ ഇന്‍സ്പെക്ടര്‍ സഹപ്രവര്‍ത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ എന്‍.കെ. സിജ എന്നിവരെയാണ് അക്കാദമിയില്‍ പരിശീലനത്തിന് അയക്കുന്നത്. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.