തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍.
400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട് എംഎസ്‌സി ഐറീനയ്ക്ക്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടി.ഇ.യു കണ്ടെയ്‌നറുകള്‍ വഹിക്കാനാകും. 2023ല്‍ നിര്‍മ്മിച്ച കപ്പലില്‍ 35 ജീവനക്കാരുണ്ട്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റനെ കൂടാതെ ക്രൂവില്‍ മറ്റൊരു മലയാളി കൂടിയുണ്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‌സി ഐറീന.
മെഡിറ്റേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍. ഇതേ സീരിസിലുള്ള എംഎസ്‌സി തുര്‍ക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയ ശേഷമാണ് എംഎസ്‌സി ഐറീന വിഴിഞ്ഞത്ത് എത്തിയത്.