ദില്ലി: പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ വ്യോമസേന സൈനിക അഭ്യാസം നടത്താനൊരുങ്ങുന്നു. മാര്‍ച്ച് 5 മുതല്‍ 12 വരെ രാജസ്ഥാന്‍-സിന്ധ് അതിര്‍ത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് ഈ വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ 'നോട്ടാം' മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ നീക്കത്തില്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്. ഇന്ത്യ നോട്ടാം മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ പാകിസ്ഥാന്റെ പ്രതിരോധ വിഭാഗം കനത്ത ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ കൂടുതല്‍ വ്യോമ-കരസേനാ വിഭാഗങ്ങളെ അതിര്‍ത്തിയില്‍ സജ്ജമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍, സിന്ധ് മേഖലകളില്‍ ഇരു രാജ്യങ്ങളും സൈനിക അഭ്യാസങ്ങള്‍ നടത്താറുള്ളതാണ്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നോട്ടാം മുന്നറിയിപ്പ് നല്‍കി ഇടയ്ക്കിടെ സൈനികാഭ്യാസം നടത്തുന്നതിനെ പാകിസ്ഥാന്‍ ജാഗ്രതയോടെയാണ് കാണുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ അതിര്‍ത്തികളില്‍ പാക് സൈന്യം നിലവില്‍ നിരീക്ഷണം നടത്തുന്നുണ്ട്. അറബിക്കടലിലും നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ 'നോട്ടാം' മുന്നറിയിപ്പ് പുറപ്പെടുവിച്ചത് പാകിസ്ഥാന്‍ സൈന്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മേഖലയിലെ സങ്കീര്‍ണ്ണമായ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയുടെ പുതിയ സൈനിക അഭ്യാസം പാക് പ്രതിരോധവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
അതിനിടെ ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ നേതാക്കള്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും യുദ്ധത്തില്‍ നിന്നെല്ലാം പിന്മാറി ഇന്ത്യ സമാധാന ചര്‍ച്ചയിലേക്ക് മടങ്ങി വരണമെന്നും പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവേ സര്‍ദാരി ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുക എന്നതില്‍ നിന്നും പിന്മാറി സമാധന ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാര്‍ഗം അതാണ് എന്നായിരുന്നു ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന.