സിഡ്നി: ബീച്ചുകളില്‍ കാണപ്പെട്ട ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ചെറിയ പന്തുകള്‍ പോലെയുള്ള വസ്തു ആശങ്കയാകുന്നു. ഒന്നിലധികം ഓസ്ട്രേലിയന്‍ ബീച്ചുകളില്‍ ഇവ കണ്ടെത്തിയിട്ടുണ്ട്. അവ എവിടെ നിന്നാണ് വന്നത് എന്നതില്‍ വിദഗ്ധര്‍ക്ക് പോലും മറുപടിയില്ല. കറുത്ത ഗോളങ്ങള്‍ ആദ്യമായി കണ്ടെത്തിയതുമുതല്‍ ശാസ്ത്രജ്ഞരെ വലയ്ക്കുകയാണ്. സിഡ്നിയിലെ കടല്‍ത്തീരങ്ങളില്‍ ഇവ പ്രത്യക്ഷപ്പെട്ടതിന് ശേഷം നാട്ടുകാര്‍
വലിയ ആശങ്കയിലാണ്.
ഇവ എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ വിശദീകരണങ്ങളില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസറായ ജോണ്‍ ബെവ്സ് പറയുന്നു. ഈ നിഗൂഢ വസ്തുക്കളുടെ ദുര്‍ഗന്ധം അസഹ്യമാണ്. പ്രാദേശിക മലിനജല സംവിധാനത്തില്‍ നിന്നാണോ അതോ ബോട്ടില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണോ അതോ അഴുക്കുചാലില്‍ നിന്ന് വന്നതാണോ എന്ന് ശരിക്കും അറിയില്ല.
അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ സൗത്ത് വെയില്‍സ് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഒക്ടോബര്‍ 17 ന് ബോണ്ടി ബീച്ച് ഉള്‍പ്പെടെ എട്ട് ബീച്ചുകളില്‍ അവ കണ്ടതിനെ തുടര്‍ന്ന് സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.