കോഴിക്കോട്:മുസ്ലിം നവോത്ഥാന ശ്രമങ്ങള്‍ക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക സമാപന സമ്മേളനം ഉജ്വലമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ബഹുജന സമ്മേളനം പുതിയകാല നവോത്ഥാന ശ്രമങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു. സ്ത്രീകളുടെ വലിയ സാന്നിധ്യം സമ്മേളനത്തെ വേറിട്ടു നിര്‍ത്തി. മതത്തിന്റെ മറവില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതാണ് സമ്മേളനം നല്‍കിയത്മുസ്ലിം ചെറുപ്പക്കാരെ ലക്ഷ്യം വെക്കുന്ന മത നിരാസ പ്രസ്ഥാനങ്ങളുടെ ഒളിയജണ്ടകള്‍ മനസ്സിലാക്കാനും ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഇല്ലാതാക്കനുള്ള നിഗൂഢ നീക്കങ്ങള്‍ക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.തീവ്രവാദ,ഭീകര ചിന്തകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും സൗഹൃദവും സമാധാനവും കാത്ത് സൂക്ഷിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷിതത്വവും സമാധാനവും ബോധപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ആള്‍ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡണ്ട് അസ്ഗര്‍ അലി ഇമാം മഹ്ദി സലഫി ആവശ്യപ്പെട്ടു.കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമാപന ബഹുജനസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം ന്യുനപക്ഷത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി യുദ്ധം തുടരുന്നത് അവസാനിപ്പിക്കണം.അവിവേകികളായ ഏതാനും പ്രൊഫഷണലുകള്‍ ചെയ്ത കുറ്റത്തിന് രാജ്യത്തെ മുഴുവന്‍ പ്രൊഫഷനലുകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെറ്റായ നീക്കം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ നിരാശരാക്കി ഭയപ്പെടുത്താനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം .തീവ്രവാദ,ഭീകര ചിന്തകള്‍ പ്രചരിപ്പിക്കുന്ന എല്ലാ കേന്ദ്രങ്ങളെയും ഇല്ലാതാക്കാന്‍ ആസൂത്രിതമായി ശ്രമം വേണം .രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരെന്ന് കൃത്യമായി കണ്ടെത്താന്‍ നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തെ പ്രകോപിതരാക്കി തെരുവിലിറക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ തിരിച്ചറിയണം .വിശ്വാസ വ്യതിയാനങ്ങള്‍ക്കെതിരെ അതിശക്തമായ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ശക്തിപ്പെട്ടു വരുന്ന വലതുപക്ഷ തീവ്രവാദത്തിനെതിരെ ലോകം ഒന്നിക്കണം.മനുഷ്യര്‍ സൗഹൃദത്തോടെ കഴിയുന്ന സ്ഥലങ്ങളില്‍ ഭീതി വിതയ്ക്കുന്ന ഭീകരകൃത്യങ്ങള്‍ അവസാനിപ്പിക്കണം.യൂറോപ്യന്‍ രാജ്യങ്ങളില്‍ മസ്ജിദുകളില്‍ അക്രമം
നടത്തുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്യുന്നത് മുസ്ലിം സമൂഹത്തെ തെരുവിലിറക്കാനാണ്. ഫലസ്തീനിലെ നിരപരാധികള്‍ക്ക് നേരെ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലന ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അതിവേഗമുള്ള പരിഹാരങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു .
സമാധാന കരാറുകളെ കാറ്റില്‍പറത്തി രാഷ്ട്രീയലാഭത്തിന് വേണ്ടി നിരപരാധികളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന കാടന്‍ രീതി ലോകത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .ഗസ്സയെ വിഭജിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ ജെ യു പ്രസിഡന്റ് പി പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.കെ എന്‍ എം പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി , പ്രതിപക്ഷ നേതാവ്, വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എംപി,ഷാഫി പറമ്പില്‍ എംപി, പി കെ അഹ്‌മദ്,
ഡോ ഫസല്‍ ഗഫൂര്‍,പിഎംഎ സലാം,എം. മഹ്ബൂബ് ശൈഖ് മദ്ഹര്‍ അലി മദനി ബനാറസ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു.
കെ എന്‍ എം ജനറല്‍ സെക്രട്ടറി പിപി ഉണ്ണീന്‍കുട്ടി മൗലവി,നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.ഹുസൈന്‍ മടവൂര്‍, ഹനീഫ് കായക്കൊടി,നൂര്‍ മുഹമ്മദ് സേട്ട്,ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എം സ്വലാഹുദ്ദീന്‍ മദനി, അഹ്‌മദ് അനസ് മൗലവി ,ശരീഫ് മേലേതില്‍ ,മുസ്തഫ തന്‍വീര്‍,
ഷുക്കൂര്‍ സ്വലാഹി,സുഹ്ഫി ഇമ്രാന്‍ ഡോ. എന്‍ മുഹമ്മദലി അന്‍സാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.