നെതന്യാഹുവിനൊപ്പം വമ്പന്‍ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും
 


ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേല്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇരു നേതാക്കളും നടത്തിയത്.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രീതിയിലായിരിക്കും ഈ കരാര്‍. കൂടാതെ, ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ ഇസ്രായേലിലും ലഭ്യമാക്കാന്‍ ധാരണയായി. ഇത് ഫിന്‍ടെക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യകള്‍ പങ്കുവെക്കുന്നതിനായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ബഹിരാകാശം, സിവിലിയന്‍ ന്യൂക്ലിയര്‍ എനര്‍ജി എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കും. ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'വില്ലേജസ് ഓഫ് എക്‌സലന്‍സ്' പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ പങ്കെടുക്കുന്ന ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് മീറ്റിംഗ് ഇന്ത്യയില്‍ വെച്ച് നടത്താനും തീരുമാനിച്ചു.

മേഖലയിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും യുദ്ധത്തേക്കാള്‍ സമാധാനത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന്റെ (Knesset) സ്പീക്കര്‍ മെഡല്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം 140 കോടി ഇന്ത്യക്കാര്‍ക്കും ഇന്ത്യ-ഇസ്രായേല്‍ സൗഹൃദത്തിനുമായി സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തന്റെ സന്ദര്‍ശനം അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഭരണസംവിധാനം അതീവ കാര്യക്ഷമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസികവും ഹൃദയപരവുമായ ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media