വാഷിംഗ്ടണ്‍: ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയില്‍ ഇസ്രായേല്‍ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. ഉടന്‍ തന്നെ ഗാസയിലെ ഹമാസിന്റെ കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്ക് മുകളില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അം?ഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഹമാസിന്റെ തലസ്ഥാനമായ ഗാസ റഫയും ബെയ്ത് ഹനൂനും ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ രണ്ട് നഗരങ്ങള്‍ വലിയതോതില്‍ തകര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസ നഗരം പിടിച്ചെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. ഗാസയില്‍ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നെതന്യാഹു അടിയന്തര ചര്‍ച്ചകള്‍ക്ക് ഉത്തരവിട്ടു. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിന്റെ ശക്തികേന്ദ്രം നശിപ്പിക്കാനുമുള്ള ഓപ്പറേഷനോടൊപ്പം ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു. ഗാസ നഗരം പിടിച്ചെടുക്കാന്‍ സഹായിക്കുന്നതിനായി ഏകദേശം 60,000 റിസര്‍വ് പട്ടാളക്കാരെ വിളിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.
ഹമാസിനെ പരാജയപ്പെടുത്തുകയും എല്ലാ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോടുള്ള ഇസ്രായേലിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എ.എഫ്.പി റിപ്പോര്‍ട്ട് പ്രകാരം, പുതിയ കരാറില്‍ ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്നുണ്ടെങ്കിലും എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്ന് ഇസ്രായേല്‍ നിര്‍ബന്ധിക്കുന്നു. പോരാട്ടം വ്യാപിപ്പിക്കാനും ഗാസ നഗരം പിടിച്ചെടുക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ അന്താരാഷ്ട്ര പ്രതിഷേധത്തിനും ആഭ്യന്തര എതിര്‍പ്പിനും കാരണമായിട്ടുണ്ട്.