തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍. ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. എന്നാല്‍, സന്ദര്‍ശന വേളയില്‍ അദ്ദേഹത്തില്‍ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗണ്‍മാനും ഒപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ഇന്നലെ പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛന്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി ഇന്ന് തിരുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.