തിരുവനന്തപുരം: കോളിളക്കങ്ങള്‍ക്കൊടുവില്‍ ഗണേഷ്‌കുമാര്‍ വിവാദം ഒത്തുതീര്‍പ്പിലേക്ക്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്‌നം പുറത്തുവന്നതോടെ ഗണേഷ്‌കുമാര്‍ സമ്മര്‍ദത്തിലായിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ഗണേഷ്‌കുമാര്‍ പ്രശ്‌നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്.
വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേല്‍ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോന്‍് പറഞ്ഞു
കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാനായി വാളകത്തെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടര്‍ന്നാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളില്‍ നിലനിന്നിരുന്ന ആക്ഷേപങ്ങളില്‍ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവര്‍ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോന്‍ രംഗത്തുവരികയിരുന്നു. മന്ത്രി ക്ഷമ ചോദിക്കാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ തന്നെ ആക്ഷേപിക്കുന്ന തരത്തില്‍ പറഞ്ഞതിനാലുണ്ടായ വൈകാരിക പ്രതികരണം ആയിരുന്നു കഴിഞ്ഞ ദിവസം നടത്തിയത് എന്നാണ് ബിന്ദു മേനോന്‍ പറയുന്നത്.