അമേരിക്ക ഇളവ് നല്‍കി;  റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ഒരു മാസം എണ്ണ വാങ്ങാം
 


വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഒരു മാസത്തേക്ക് ഇളവ് നല്‍കി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യന്‍ ടാങ്കറുകളില്‍ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്.

ഏപ്രില്‍ 3 വരെയാണ് ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയില്‍ പറയുന്നു- ''പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്‍കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല. കാരണം ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കുന്നുള്ളൂ. ഇറാന്‍ ആഗോള ഊര്‍ജമേഖലയെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മര്‍ദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'

ഇറാന്റെ ആക്രമണം മിഡില്‍ ഈസ്റ്റിലുടനീളം എണ്ണ ഉല്‍പാദനത്തെ ബാധിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആഗോള തലത്തില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയര്‍ന്നു. 50 ദിവസത്തേക്ക് ഇന്ത്യയില്‍ എണ്ണ പ്രതിസന്ധിയില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയിപ്പ്.

യുക്രെയ്നിലെ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ എണ്ണ കമ്പനികളായ ലുക്കോയിലിനും റോസ്നെഫ്റ്റിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അടുത്ത ഒരു മാസത്തേക്ക് ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ കഴിയും.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media