തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) തിടുക്കപ്പെട്ട് നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവച്ച് ഏഴാം നാളാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. സിപിഐ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാര്‍ നടപടിക്ക് കാരണം. 9 വര്‍ഷത്തിനിടെ ആദ്യമായാണ് പിണറായി വിജയന്‍ സിപിഐയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത്. പദ്ധതി പരിശോധിക്കുന്നതിനുള്ള ഉപസമിതിയില്‍ സിപിഐയില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ അവഗണിച്ച് തിടുക്കപ്പെട്ട് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ നവംബര്‍ 5ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.