പി.കെ ശശിയെ സിപിഎം പുറത്താക്കി; നടപടി വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ
 



പാലക്കാട്: പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.

സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്നും പികെ ശശി പറഞ്ഞു. വിമതരുടെ കണ്‍വെന്‍ഷന്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. നിര്‍ബന്ധിതമായ ചില സാഹചര്യങ്ങള്‍ കൊണ്ടാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിര്‍ബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സര്‍ക്കാറിന്റെ, ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികള്‍ പാര്‍ട്ടിയിലേക്ക് വരുന്നു. ശരിയായ പാര്‍ട്ടിക്ക് വേണ്ടി നടപടി എടുത്തവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍ എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. നിരവധി പ്രമുഖര്‍ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നത്. നിരവധി സഖാക്കളെ വേട്ടയാടി. കള്ളു കച്ചവടമല്ല, കള്ളില്‍ സ്പിരിറ്റില്‍ കലര്‍ത്തുന്നതാണ് പ്രശ്‌നം. കള്ള് വേണമെങ്കില്‍ കച്ചവടം ചെയ്‌തോട്ടെ. കള്ളില്‍ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തില്‍ കണ്ടാല്‍ അവരെ തമ്മില്‍ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്‌നമുണ്ടാക്കും. ഇ എന്‍ സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാര്‍ട്ടികളില്‍ പോയവരുണ്ട്. 5 വര്‍ഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ല. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാര്‍ട്ടിക്ക് രക്ഷയില്ലെന്നും ഇ എന്‍ സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവന്‍ ഉള്‍ക്കൊള്ളിക്കാന്‍ കോട്ട മൈതാനം മതിയാകില്ലെന്നും പികെ ശശി പറഞ്ഞു. കൊടിയേരി സഖാക്കളെ ചേര്‍ത്തുനിര്‍ത്തിയിരുന്നു എന്നും എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടിയില്‍ ആ കരുതല്‍ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത സിപിഎം വിമത കണ്‍വെന്‍ഷനിലാണ് ശശിയുടെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media