പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. സ്വര്‍ണ്ണ പാളികള്‍ കൈമാറിയതിലെ ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, തന്ത്രിയെ കേസില്‍ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
തന്ത്രിക്ക് ജാമ്യം നല്‍കുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിര്‍ക്കുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്‌ഐടി പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നു.