ദില്ലി: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര നെറ്റ്‌വര്‍ക്ക് തകര്‍ത്ത് ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സേനകള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരില്‍ നിന്ന്, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വന്‍ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു.
മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ. മുസാമില്‍ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു കരോം കോക്ക് അസോള്‍ട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ചത്തെ റെയ്ഡ് നടത്തിയത്. ഈ ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരങ്ങളിലും തെരച്ചില്‍ നടക്കുന്നുണ്ട്. മുസാമിലുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫരീദാബാദിലെ പള്ളിയിലെ മുഖ്യ പുരോഹിതനായ (ഇമാം) ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മൂന്ന് മാഗസിനുകളും 83 തിരകളുമുള്ള ഒരു അസോള്‍ട്ട് റൈഫിള്‍, എട്ട് തിരകളുള്ള ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ കാട്രിഡ്ജുകള്‍, രണ്ട് അധിക മാഗസിനുകള്‍, 360 കിലോ അമോണിയം നൈട്രേറ്റ് (സംശയിക്കുന്ന സ്‌ഫോടക രാസവസ്തു),എട്ട് വലിയ സ്യൂട്ട്‌കേസുകളും നാല് ചെറിയ സ്യൂട്ട്‌കേസുകളും, 20 ടൈമറുകള്‍ (ബാറ്ററികളോടൊപ്പം), 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോ ഭാരമുള്ള ലോഹം, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിംഗ്, ബാറ്ററികള്‍, മറ്റ് നിരോധിത വസ്തുക്കള്‍, വനിതാ ഡോക്ടറുടെ മാരുതി സ്വിഫ്റ്റ് കാര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ഫരീദാബാദിലെ ധോജ് ഏരിയയില്‍ ഡോ. ഷക്കീല്‍ വാടകയ്ക്ക് എടുത്ത മുറിയിലാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച ഈ രാസവസ്തുക്കള്‍ എട്ട് വലിയതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലാണ് ഒളിപ്പിച്ചത്. ഡോ. റാത്തറിന്റെ കശ്മീര്‍ താഴ്വരയിലെ ഒരു ലോക്കറില്‍ നിന്ന് നേരത്തെ എകെ-47 റൈഫിളും വെടിക്കോപ്പുകളും പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീനഗറില്‍ ജെയ്ഷ്-എ-മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട കേസിലും ഷക്കീല്‍ പ്രതിയാണെന്ന് ഫരീദാബാദ് കമ്മീഷണര്‍ സത്യേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
ജെയ്ഷ്-എ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള 'വൈറ്റ് കോളര്‍ ഭീകര ഇക്കോസിസ്റ്റം' എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വിദേശ ഹാന്‍ഡലര്‍മാരുമായി ബന്ധമുള്ള തീവ്രവാദികളായ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഒരു വൈറ്റ് കോളര്‍ ഭീകര ശൃംഖലയെയാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരണം.