ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഉടനടി ഏകീകൃതസിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരേ തരത്തില്‍ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പുഷ്‌കര്‍ സിംഗ് ധാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഉടനടി ഏകീകൃതസിവില്‍ കോഡിനുള്ള കരട് രൂപരേഖയ്ക്കായി ഒരു സമിതി രൂപീകരിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി.
വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവയ്‌ക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവില്‍ കോഡ് നടപ്പാക്കിയാല്‍ നിലവില്‍ വരിക എന്നും പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി. സംസ്ഥാനത്ത് സാമൂഹ്യനീതിയും, സമത്വവും, ലിംഗനീതിയും, വനിതാ വിമോചനവും ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കണം. അത് സംസ്ഥനത്തിന്റെ അത്യസാധാരണമായ സാംസ്‌കാരിക- ആത്മീയ സ്വത്വത്തെയും പരിസരത്തെയും സംരക്ഷിക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി അവകാശപ്പെടുന്നു.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാനതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃതസിവില്‍ കോഡ്. 2016 ജൂണില്‍ കേന്ദ്രനിയമമന്ത്രാലയം ഇരുപത്തിയൊന്നാമത് കേന്ദ്രനിയമകമ്മീഷനോട് രാജ്യത്ത് ഏകീകൃതസിവില്‍ കോഡ് നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ 2018 ഓഗസ്റ്റ് 31-ന് ആ നിയമകമ്മീഷന്റെ കാലാവധി അവസാനിച്ചു. 22-ാമതി ദേശീയനിയമകമ്മീഷന്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നാണ് നിയമമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കിയത്. ഭരണഘടനയുടെ 44-ാം വകുപ്പ് പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാന്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രനിയമമന്ത്രിയുടെ പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഉത്തരാഖണ്ഡില്‍ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കുന്നത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ മോദി റാലി നടത്തുമ്പോള്‍ സമാന്തരമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഉത്തരാഖണ്ഡിലെ ഖാതിമ, ഹല്‍ദ്വാനി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ റാലി നടത്തും, പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്ത് സംസാരിക്കും.
തുടര്‍ച്ചയായി ഇതുവരെ ഒരു പാര്‍ട്ടിയും രണ്ടാമത് അധികാരത്തിലെത്തിയ ചരിത്രം ഉത്തരാഖണ്ഡിലില്ല. ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡ് പോളിംഗ് ബൂത്തിലെത്തുക. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. 2017-ല്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 56 സീറ്റുകളുമായി അധികാരത്തിലെത്തിയിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് വെറും 11 സീറ്റുകളാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുകള്‍ വേണം.