തിരുവനന്തപുരം: ബെംഗളൂരു യെലഹങ്കയില്‍ കര്‍ണാടക സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയതോടെ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ ഒരു മാധ്യമവുമായി സംസാരിക്കുന്നതിനിടെ സംഭവിച്ച ഭാഷാ പരിമിതിയില്‍ വിശദീകരണവുമായി രാജ്യസഭാംഗവും #ിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം.
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍ കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്ന് റഹീം പറഞ്ഞു. എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്, എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് റഹീം പ്രതികരണം നടത്തിയത്.
ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ. അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് റഹീം പറഞ്ഞു.പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍ നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുതെന്ന് റഹീം പറഞ്ഞു.എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹീം വ്യക്തമാക്കി.