സ്വര്‍ണ്ണം കുതിക്കുന്നു; പവന് 82,080
 



കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.

ശനിയാഴ്ച മുതല്‍ നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണ്ണ വിലയാണ് ഇന്ന് വീണ്ടും കൂടി സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. വില വര്‍ധന കേരളത്തിലെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയര്‍ന്നത് വാങ്ങല്‍ കുറച്ചതായാണ് റിപ്പോര്‍ട്ട്. ദീപാവലിയോട് സ്വര്‍ണ്ണവില ഗ്രാമിന് പതിനായിരത്തില്‍ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകള്‍. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡോളറിനെ മറികടന്ന് സ്വര്‍ണം ഗ്ലോബല്‍ കറന്‍സിയായി മാറുകയാണ്.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. അര ശതമാനത്തിന് മുകളില്‍ കുറയ്ക്കണം എന്നാണ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നത്. കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ ലാഭമെടുത്ത് പിരിയാനുള്ള സാധ്യതകളുണ്ട്. അങ്ങനെ വന്നാല്‍ സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് വന്നേക്കാം. അരശതമാനമാണ് പലിശ നിരക്ക് കുറയ്ക്കുന്നതെങ്കില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചേക്കും. ദീപാവലി ആഘോഷ സീസണിലേക്ക് അടുക്കുന്നതിനാല്‍ സ്വര്‍ണ്ണവില ഉയരും എന്ന സൂചനകളാണ് വരുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media