ദില്ലി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. ചാവേര്‍ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. സ്‌ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എച്ച്ആര്‍ 26 CE 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേര്‍ന്ന് വിശദമായ അന്വേഷണം തുടരുകയാണ്. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്‌ഫോടനത്തില്‍ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമാണ്.
അതേ സമയം, ദില്ലി സ്‌ഫോടനത്തെപ്പറ്റി ഇപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പോലീസ്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകള്‍ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി രാജ ഭാണ്ടിയ ഐപിഎസ് പറഞ്ഞു. ദില്ലി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധന നടത്താനാനാണ് തീരുമാനം. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ അടച്ചു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു. ലോകേഷ് അഗര്‍വാളിന്റെ മൃതദേഹമാണ് യു പിയിലെ അമ്രോഹയിലെ വസതിയില്‍ എത്തിച്ചത്. സ്‌ഫോടകവസ്തു നിയമപ്രകാരവും ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നോര്‍ത്ത് ഡിസിപി രാജ ബാന്‍ഡിയ അറിയിച്ചു.
ചെങ്കൊട്ട സ്‌ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നത തല യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ദില്ലി പൊലീസ് കമ്മീഷണര്‍, എന്‍എഐ ഡിജി അടക്കം പങ്കെടുക്കുന്നു. ഔദ്യോഗിക വിശദീകരണം ഇന്നുണ്ടായേക്കും. ജമ്മു കശ്മീര്‍ ഡിജിപിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.