കൊച്ചി: ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വിചാരണക്കോടതിക്കെതിരെ ടിബി മിനി ഹര്‍ജി നല്‍കി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടിബി മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം.
കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടിബി മിനി ഹാജരായിരുന്നില്ല. ടിബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ടിബി മിനി ഹര്‍ജിയുമായി മുന്നോട്ട് പോവുന്നത്.