കോഴിക്കോട്: ഒരുനോക്കുപോലും കാണാനാവാതെ തന്റെ കുഞ്ഞ് ഈ ലോകം വിട്ടുപോവുമോ എന്ന നോവുമായിട്ടാണ് അഞ്ച് മാസം ഗര്‍ഭിണിയായ മുഹ്സിന കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്. നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുഹ്‌സിനയും ഭര്‍ത്താവും മിംസിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് രേണു .പി കുറുപ്പിന്റെ അടുത്തെത്തിയത്. ഡോക്ടറുടെ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തിലെ പ്രധാന പമ്പിംഗ് അറയായ ഇടത് വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വളരെ കുറഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി. ശുദ്ധ രക്തം കൊണ്ടുപോവുന്ന അയോട്ടയുടെ വാല്‍വ് വളരെ ചുരുങ്ങിയ അവസ്ഥയിലായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍ നിരീക്ഷിച്ചു. വാല്‍വ് ചുരുങ്ങിയത് കൊണ്ടുതന്നെ ഇതുവഴി നേരിയ രക്തയോട്ടമേ ഉണ്ടായിരുന്നുള്ളൂ.
ഗര്‍ഭകാലം കഴിഞ്ഞ് ആരോഗ്യകരമായി കുട്ടി പുറത്ത് വരാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഉണ്ട്. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തുടരുന്നാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവാനുള്ള സാധ്യതയും ഏറെ. ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ അതി സങ്കീര്‍ണ്ണാമായ ഒരു കേസായിരുന്നു ഇത്. ഒപ്പം മുഹ്‌സിനയുടെയും ഭര്‍ത്താവിന്റേയും ദൈന്യത നിറഞ്ഞ മുഖങ്ങളും. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു നമുക്ക് 'ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി' ചികിത്സയിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.
കേരളത്തില്‍ ഇന്ന് വരെ ചെയ്യാത്തതും ഇന്ത്യയില്‍ തന്നെ നാലോളം കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ് 'ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി' ശസ്ത്രക്രിയ. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തിനും തയ്യാറാണെന്ന് നിശ്ചയ ദാര്‍ഢ്യവുമായി മുഹ്സിനയും കുടുംബവും നിന്നു. അങ്ങിനെ കേരളത്തില്‍ ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയ വാല്‍വിലെ കീ ഹോള്‍ ശസ്ത്രക്രിയ(ഫീറ്റല്‍ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വോട്ടമി) അമ്മയുടെ വയറ്റില്‍ വെച്ച് നടത്തി മിംസ് ചരിത്രം കുറിച്ചു.
ഈ ശസ്ത്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമ്മയുടെ വയറ്റിലിരിക്കുന്ന കുഞ്ഞിന്റെ പൊസിഷന്‍ ഡോക്ടര്‍ക്ക് അഭിമുഖമായിരിക്കുക എന്നതാണ്. ആദ്യഘട്ടത്തില്‍ മുഹ്്‌സിനയെ സര്‍ജറിക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പുകളോടും കൂടി തിയേറ്ററില്‍ അതി രാവിലെ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് വരെ കുട്ടിയുടെ പൊസിഷന്‍ ഡോക്ടര്‍ക്ക് അഭിമുഖമല്ലാത്തതിനാല്‍ ശ്രമം മാറ്റിവച്ചു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം കുട്ടിയുടെ പൊസിഷന്‍ അഭിമുഖമായി വന്നതിനാല്‍ അമ്മക്കും കുട്ടിക്കും അനസ്‌തേഷ്യ നല്‍കി സര്‍ജറിയിലേക്ക് പ്രവേശിക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
.
ഏറെ റിസ്‌കുള്ളതാണ് ഈ ശസ്ത്രക്രിയയെന്ന് ഡോ. രേണു പി. കുറുപ്പ് പറഞ്ഞു. മുഹ്‌സിനയും കുടുംബവും ഡോക്ടര്‍മാരിലും ആശുപത്രിയിലെ സൗകര്യങ്ങളിലും അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ധൈര്യം പകര്‍ന്നു. ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീം അംഗങ്ങളുടെയും, മാനേജ്‌മെന്റിന്റെയും പരിപൂര്‍ണ്ണ പിന്തുണയും കൂട്ടിനുണ്ടായി. ആറാം മാസത്തിലെ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യത്തോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം മുഹ്‌സിന കുഞ്ഞിന് ജന്മം നല്‍കി. ജനന ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തി. അതും പൂര്‍ണ്ണ വിജയകരം. . ഇന്ന് പൂര്‍ണ്ണ ആരോഗ്യത്തില്‍ ലോകത്തെ കൗതുകത്തോടെ നോക്കിക്കാണുകയാണ് ഈ കുഞ്ഞ്.
അവന്റെ ഇളം പുഞ്ചിരി കാണാനുള്ള ഭാഗ്യം തന്നത് ദൈവത്തിന്റെ അനുഗ്രഹവും ആസ്റ്റര്‍ മിംസിന്റെ സഹായവുമാണ് - മുഹ്‌സിന പറയുന്നു.
മിംസിന്റെ ചരിത്ര നിമിഷമാണിതെന്ന് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. അതി സങ്കീര്‍ണ്ണമായ ശശ്ത്രക്രിയക്ക് തയ്യാറായി ആശുപത്രിയിലും ഡോക്ടര്‍മാരെയും വിശ്വാസമര്‍പ്പിച്ച് മുഹ്‌സിനയും കുടുംബവും കൂടെ നിന്നു.
അതുകൊണ്ടു തന്നെ ഇവരുടെ ചികിത്സാ ചിലവ് പൂര്‍ണ്ണമായും ഒഴിവാക്കിയാണ് നല്‍കിയെന്നും ലുഖ്മാന്‍ പറഞ്ഞു. ഡോക്ടര്‍മാരായ പി.എസ്. ശ്രീജ, എഡ്വിന്‍ ഫ്രാന്‍സിസ്, ഗിരീഷ് വാരിയര്‍, കെ.എസ്. രമാദേവി, പി. സുജാത, ശബരീനാഥ് മേനോന്‍, അനു ജോസ്, നബീല്‍ ഫൈസല്‍, പി.എസ്. പ്രിയ, നഷ്‌റ, സ്വേത താപ്പ, റൈനു, ഉമാ രതീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.