വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യുഎസ് യുഎസ് വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാന്‍ ശക്തമായ ബാലസ്റ്റിക് മിസൈസുകള്‍ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂര്‍ണമായും തകര്‍ക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്‍ വന്‍ തോതില്‍ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാന്‍ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങള്‍ക്ക് കവചം സൃഷ്ടിക്കാന്‍ ശക്തമായ മിസൈലും ഡ്രോണും നിര്‍മ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കന്‍ സൈന്യത്തെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്സെത്ത് ആരോപിച്ചു.
ഇത് ഇറാഖ് അല്ല. അന്ത്യമില്ലാതെ തുടരുന്ന ഒരു യുദ്ധമായിരിക്കില്ല നടക്കുന്നത്. കൃത്യതയോടെയുള്ള ഒരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ ആണിതെന്നും യുഎസ് വാര്‍ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാനെതിരായ യുഎസ് നീക്കം ഭരണമാറ്റം വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇത് ഭരണമാറ്റ യുദ്ധം എന്ന് വിളിക്കപ്പെടുന്നതല്ല, പക്ഷേ ഭരണകൂടം തീര്‍ച്ചയായും മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ഒപ്പേറഷനില്‍ കൂടുതല്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തില്‍ മാത്രമാണ്. കൂടുതല്‍ അമേരിക്കന്‍ സൈനിക ശേഷി മിഡില്‍ ഈസ്റ്റിലേക്ക് ഒഴുകും. ഇറാന് ശക്തമായ തിരിച്ചടിയായിരിക്കും അതെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു. പരമോന്നത നേതാവ് ഖമനയിയുടെ മരണത്തിന് പകരംവീട്ടുമെന്ന് ഉറപ്പിച്ച് ഇറാന്‍ പ്രത്യാക്രമണം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം അതിശക്തമായിതന്നെ തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ആണവ വിഷയത്തിലടക്കം അമേരിക്ക മുന്നോട്ടുവച്ച ഒരു ഡിമാന്‍ഡും അംഗീകരിക്കില്ലെന്ന് ഇറാന്‍ പറഞ്ഞിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.