മസ്ക് കയ്യൊഴിഞ്ഞു; ബിറ്റ് കോയിന് കൂപ്പു കുത്തുന്നു
കോഴിക്കോട്: ശതകോടീശ്വരനും ടെസ് ലെയുടെ ചീഫ് എക്സിക്യുട്ടീവുമായ എലോണ്‍ മസ്ക് ബിറ്റ് കോയിനെ കയ്യൊഴിഞ്ഞു. ബിറ്റ് കോയിന് ഉപയോഗിച്ച് ഇനി ടെസ് ലെയുടെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനാവില്ല. കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബിറ്റ് കോയിന്റെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യം 50,000 ഡോളറിന് താഴെയായി. ഒരാഴ്ച മുമ്പ് 60,000 ഡോളറായിരുന്നു ബിറ്റ് കോയിന്റെ വില. മസ്കിന്റെ ട്വീറ്റ് പുറത്തു വന്നതോടെ ആളുകള്‍ കയ്യിലുണ്ടായിരുന്ന ബിറ്റ് കോയിന് വന്‍തോതില്‍ വിറ്റഴിക്കാന്‍ തയ്യാറായതാണ് ഇടിവിനു കാരണം.
എന്നാല്‍ കയ്യിലുള്ള ബിറ്റ് കോയിനുകള്‍ ഓഴിവാക്കില്ലെന്ന് മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ 150 കോടി ഡോളര്‍ ബിറ്റ് കോയിനില്‍ നിക്ഷേപിച്ചതായി ഇലോണ്‍ മസ്ക് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബിറ്റ് കോയിന്റെ മൂല്യ 60,000 ഡോളറിനു മുകളിലേക്ക് കുതിച്ചത്.